സ്റ്റുഡന്റ്‌സ് പോലീസിന്റെ മേല്‍നോട്ടത്തില്‍ ഇ-വോട്ടിംഗ്

tvm-studentelectionആറ്റിങ്ങല്‍: അവനവഞ്ചേരി ഗവ.ഹൈസ്കൂളില്‍ ഇ-വോട്ടിംഗ്, കുട്ടിപ്പോലീസിന്റെ കനത്ത സുരക്ഷയില്‍ സമാധാനപരം.സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ കര്‍ശന നിയന്ത്രണത്തില്‍ വോട്ടേഴ്‌സ് സ്ലിപ്പുമായി വരിവരിയായി നിന്ന് ഇടതു ചൂണ്ടുവിരലില്‍ മഷിയും പുരട്ടി ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ രേഖപ്പെടുത്തി യിരിക്കുന്ന സ്ഥാനാര്‍ഥികളുടെ പേരില്‍ തനിക്കിഷ്ടപ്പെട്ട സ്ഥാനാര്‍ഥിക്കു വോട്ട് രേഖപ്പെടുത്തുമ്പോള്‍ കേള്‍ക്കുന്ന ബീപ്പ് ശബ്ദം എല്ലാവരുടേയും മുഖത്ത് അഭിമാനവും സന്തോഷവും തെളിഞ്ഞു.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് നടന്ന അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേതാണ് ഈ രംഗങ്ങള്‍. കംപ്യൂട്ടറിന്റെ സഹായത്താല്‍ ഇലക് ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുകയായിരുന്നു ഈ സ്കൂളില്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പണം മുതല്‍ തെരഞ്ഞെടുപ്പ് വരെയുള്ള നടപടിക്രമങ്ങള്‍ അതേപടി അനുവര്‍ത്തിച്ചത് കുട്ടികള്‍ക്ക് പുതിയ അനുഭവമായി.

ചിട്ടയോടെ സജ്ജീകരിച്ച പോളിംഗ് ബൂത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാരൊഴികെ മറ്റെല്ലാ ജോലിക്കും കുട്ടികള്‍ക്കായിരുന്നു ചുമതല. കര്‍ശനമായ ക്രമ സമാധാന പാലനത്തിന് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും സജ്ജരായി. വോട്ടിംഗ് പൂര്‍ത്തിയാകുന്ന മുറക്ക് തന്നെ ഫലപ്രഖ്യാപനങ്ങളും വന്നതോടെ സ്കൂളില്‍ ആഹ്‌ളാദാരവങ്ങള്‍ മുഴങ്ങി. ഉച്ചയോടെ തന്നെ മുഴുവന്‍ ക്ലാസുകളിലേയും വോട്ടിംഗും ഫലപ്രഖ്യാപനവും പൂര്‍ത്തിയാക്കി.

Related posts