ആലപ്പുഴ: എ ഗ്രൂപ്പ് നോമിനിയായ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മാറ്റിയതിനെച്ചൊല്ലി എ-ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര് തുറന്ന പോരാട്ടത്തിലേക്ക്. കഴിഞ്ഞദിവസം ചേര്‍ന്ന ഡിസിസി യോഗത്തിലാണ് എ ഐ ഗ്രൂപ്പ് നേതാക്കള്‍ തമ്മില്‍ മണ്ഡലം പ്രസിഡന്റിനെ മാറ്റിയതിനെച്ചൊല്ലി പരസ്യമായി ഏറ്റുമുട്ടിയത്. പുത്തനങ്ങാടി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റായ മുജീബിനെ മാറ്റിയതിനെതിരെയാണ് എ ഗ്രൂപ്പ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. എ ഗ്രൂപ്പുകാരനായ ഡിസിസി ജനറല്‍ സെക്രട്ടറി തനിക്ക് ചുമതലയുള്ള പ്രദേശത്തെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മാറ്റിയതിനെക്കുറിച്ച് ഡിസിസി യോഗത്തില്‍ ആക്ഷേപം ഉന്നയിച്ചതോടെയാണ് ഇരുവിഭാഗവും തമ്മില്‍ പരസ്യ ഏറ്റുമുട്ടലുണ്ടായത്.
മണ്ഡലം കമ്മിറ്റിയുടെ ചുമതലയുള്ള ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഭാരവാഹിയായ തന്നോട് ഒരു അഭിപ്രായവും ചോദിക്കാതെ ഡിസിസി പ്രസിഡന്റ് നടപടി സ്വീകരിച്ചതിനെ രൂക്ഷമായ ഭാഷയിലാണ് ഡിസിസി ജനറല്‍ സെക്രട്ടറി വിമര്‍ശിച്ചത്. വിമര്‍ശനം രൂക്ഷമായതോടെ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ നേതൃത്വം ആവശ്യപ്പെട്ടതോടെയാണ് വാക്കുതര്‍ക്കം കയ്യാങ്കളിയുടെ വക്കിലേക്ക് നീങ്ങിയത്. മണ്ഡലം പ്രസിഡന്റിനെ ഏകപക്ഷീയമായി നീക്കിയ നടപടിക്കെതിരെ കെപിസിസി പ്രസിഡന്റിനും ഉമ്മന്‍ചാണ്ടിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും പരാതി നല്‍കാനൊരുങ്ങുകയാണ് എ ഗ്രൂപ്പ് നേതൃത്വം.
പാര്‍ട്ടി അധികാര സ്ഥാനങ്ങളില്‍ നിന്ന് എ ഗ്രൂപ്പിനെ പൂര്‍ണമായും ഇല്ലാതാക്കാനുള്ള ഐ ഗ്രൂപ്പിന്റെ പ്രവര്ത്തനഭാഗമായാണ് മണ്ഡലം പ്രസിഡന്റിനെ നീക്കിയതെന്നും ഇവര്‍ ആരോപിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ സംബന്ധിച്ച് കെപിസിസി ഉപസമിതിക്ക് മുമ്പില്‍ പുത്തനങ്ങാടി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കള്‍ പരാതിപ്പെട്ടിരുന്നു. ഇതോടൊപ്പം നഗരസഭ കൗണ്‍സിലറായ വനിത നേതാവ് തെരഞ്ഞെടുപ്പ് പ്രവര്ത്തനത്തിനിറങ്ങാത്തതിനെച്ചൊല്ലിയുള്ള പരാതിയുമാണ് എ ഗ്രൂപ്പ് നേതാവായ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കുന്നതിനിടയാക്കിയെന്ന ആരോപണമാണ് എ ഗ്രൂപ്പ് ഉന്നയിക്കുന്നത്.