വൃക്കരോഗിയെ സഹായിക്കുന്നതിനായി ബസ് ഉടമയുടെ കാരുണ്യമനസില്‍ സമാഹരിച്ചത് 30000 രൂപ

ktm-aaradhanabusനെടുങ്കണ്ടം: വൃക്കരോഗിയെ സഹായിക്കുന്നതിനായി സ്വകാര്യ ബസുടമ ഒരുദിവസത്തെ ബസ് സര്‍വീസ് നടത്തി സമാഹരിച്ചത് 30,260 രൂപ. മൂവാറ്റുപുഴ സ്വദേശി രതീഷാണ് മാതൃകാപരമായ കാരുണ്യപ്രവൃത്തി നടത്തിയത്.നെടുങ്കണ്ടം ചക്കക്കാനം സ്വദേശി കൊടിച്ചിറയില്‍ സജി എന്ന ചെറുപ്പക്കാരന്‍ ഇരു വൃക്കകളുടെയും പ്രവര്‍ത്തനം തകരാറിലായി ഗുരുതരാവസ്ഥയിലാണ്. സഹോദരി വൃക്ക നല്‍കുവാന്‍ തയാറാണെങ്കിലും ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം കണെ്ടത്തുക എന്നത് നിര്‍ധന കുടുംബത്തിന് സാധിച്ചിരുന്നില്ല.

കുടുംബത്തെ സഹായിക്കുന്നതിനായി ഗ്രാമപഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ ചികിത്സാഫണ്ട് സമാഹരിക്കുന്നത് അറിഞ്ഞാണ് ബസുടമയും സഹായഹസ്തവുമായി എത്തിയത്. മൂവാറ്റുപുഴ – നെടുങ്കണ്ടം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആരാധന ബസാണ് ചൊവ്വാഴ്ചത്തെ സര്‍വീസ് സജിക്കായി നടത്തിയത്.

ഡ്രൈവറെ ഒഴിവാക്കി ബസുടമ രതീഷ് തന്നെയാണ് ബസ് ഓടിച്ചത്. യാത്രക്കാരില്‍നിന്നും ടിക്കറ്റ് പണം ഈടാക്കുന്നതിനുപകരം ഈ തുക ബക്കറ്റില്‍ സ്വരൂപിച്ചും എല്ലാ ബസ് സ്റ്റോപ്പുകളിലും ഈ ആവശ്യം ഉന്നയിച്ച് പണം സമാഹരിക്കുകയുമായിരുന്നു. ഇങ്ങനെയാണ് 30,260 രൂപ സ്വരൂപിച്ചത്. ഈ തുക കുടുംബാംഗങ്ങള്‍ക്ക് കൈമാറും. ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ബസ് സര്‍വീസ് നടത്തിയ രതീഷിനെ ജനകീയകമ്മിറ്റി ചെയര്‍മാന്‍ സജി പറമ്പത്ത്, കണ്‍വീനര്‍ ഷിജി പൗലോസ് എന്നിവര്‍ അഭിനന്ദിച്ചു.

Related posts