പെരുമ്പാവൂര്‍: ഭൂരഹിതരും നിര്‍ധനരുമായ എട്ടു കുടുംബങ്ങള്‍ക്ക് സൗജന്യമായി ഭൂമിനല്‍കി കുത്തുങ്കല്‍ സെന്റ് ജോര്‍ജ് ഇടവകാംഗമായ ജോസഫ് ഊരോത്ത് സഹജീവികളോടുള്ള സ്നേഹമായി. കുത്തുങ്കല്‍ സെന്റ് ജോര്‍ജ് പള്ളി ഇടവകയിലെ ഭക്തസംഘടനകളുടെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി ഭൂമിയുടെ ആധാരവിതരണം നിര്‍വഹിച്ചു.
കോതമംഗലം രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ജേക്കബ് തലാപ്പിള്ളില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണവും നല്കി. ജില്ലാ പഞ്ചായത്തംഗം ബേസില്‍ പോള്‍, വേങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എ. ഷാജി, വൈസ് പ്രസിഡന്റ് പ്രീതി ബിജു, ബ്ലോക്ക് പഞ്ചായത്തംഗം സരള കൃഷ്ണന്‍കുട്ടി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സാബു കെ. വര്‍ഗീസ്, പഞ്ചായത്തംഗങ്ങളായ ബിജി അജികുമാര്‍, തങ്കമണി രവി എന്നിവര്‍ സ്വീകരണത്തില്‍ പങ്കെടുത്തു.
ഭക്തസംഘടനാ ഭാരവാഹികളായ ആനീസ് മടേക്കുന്നേല്, സിനി കണ്ണാടന്‍, വര്‍ഗീസ് കോയിക്കര, ബേസില്‍ നടീയമാലി, സാന്ദ്ര കെ. ലിന്‍സി കണ്ണാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. വികാരി ഫാ. ആന്റണി പുലിമലയില്‍, ലിസ്യൂഭവന് ആശ്രമം സുപ്പീരിയര്‍ ഫാ. സോണി വെട്ടിക്കാലായില്‍, കൈക്കാരന്മാരായ ലൂക്കാ കുഴിക്കാട്ടില്‍, ജയ്മോന് കണ്ണാടന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.