ആലപ്പുഴ കുടിവെള്ള പദ്ധതി: പന്നായിക്കടവിലെ വെള്ളം മലിനം; പ്രതിഷേധവുമായി നാട്ടുകാര്‍

alp-watertankകോട്ടയം: ആലപ്പുഴ കുടിവെള്ള പദ്ധതിക്കായി ഉപയോഗിക്കുന്ന പന്നായിക്കടവിലെ വെള്ളം മലിനമെന്ന് റിപ്പോര്‍ട്ട്. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന ജലസ്രോതസ് യാതൊരു വിധത്തിലും മലിനീകരിക്കപ്പെടുന്നില്ലെന്ന് വാട്ടര്‍ അഥോറിറ്റി ഉറപ്പാക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.    സംസ്ഥാന മലീനികരണ നിയന്ത്രണ ബോര്‍ഡിന്റെയും സിഡബ്ല്യൂആര്‍ഡിഎമ്മിന്റെയും പരിശോധനയില്‍ പദ്ധതിക്ക് ഉപയോഗിക്കുന്ന പന്നായിക്കടവിലെ വെള്ളം ആരോഗ്യത്തിന് ഹാനികരമാണെന്നുള്ള റിപ്പോര്‍ട്ട് ഉള്ളതാണ്.

ക്ലോറിനേഷനിലൂടെയും സൂപ്പര്‍ ക്ലോറിനേഷനിലൂടെയും  വെള്ളത്തിലെ ബാക്ടീരിയയെ നശിപ്പിക്കാന്‍ കഴിയുമെന്നാണ് വാട്ടര്‍ അഥോറിറ്റിയുടെ വാദം. എന്നാല്‍ ഇവിടത്തെ വെള്ളത്തില്‍ ആരോഗ്യത്തിന് ഹാനികരമായ കണ്‍വെന്‍ഷണല്‍ ട്രീറ്റ്‌മെന്റില്‍ നശിക്കാത്ത ബാക്ടീരിയകള്‍ അടങ്ങിയിട്ടുള്ളതായി കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ 2013ല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പന്നായിക്കടവിലെ വെള്ളം കുളിക്കുന്നതിനോ വീട്ടാവശ്യത്തിനോ ഉപയോഗിക്കാന്‍ സാധിക്കില്ലെന്നാണ് പരിസരവാസികള്‍ പറയുന്നത്. ഈ വെള്ളത്തില്‍ കുളിച്ചാല്‍ ശരീരം ചൊറിഞ്ഞു തടിക്കുമെന്നാണ് ഇവര്‍ പറയുന്നത്.

പദ്ധതിക്കായി നേരത്തെ കണ്ടെത്തിയ വീയപുരത്ത് ഇത്തരത്തിലുള്ള യാതൊരു പ്രശ്‌നങ്ങളുമുള്ളതായി റിപ്പോര്‍ട്ടുകളില്ല. 2003ല്‍ വീയപുരത്ത് തണ്ണീര്‍മുക്കം ബണ്ടുവഴി ഉപ്പുവെള്ളം കയറിയതിനാല്‍ ഈ പ്രദേശം പദ്ധതിക്ക് അനുയോജ്യമല്ലെന്ന വാദമാണ് വാട്ടര്‍ അഥോറിറ്റി ഉയര്‍ത്തുന്നത്. ഈ പേരില്‍ വിയപുരത്തുനിന്ന് ഏഴു കിലോമീറ്റര്‍ അകലെയുള്ള പന്നായിക്കടവിലേക്ക് പദ്ധതി മാറ്റുകയും ചെയ്തു. എന്നാല്‍ പദ്ധതിക്ക് ഉപയോഗിക്കുന്ന പൈപ്പിന്റെ നീളം കൂട്ടുന്നതിനായാണ് ഇങ്ങനെ ചെയ്തതെന്ന് ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് വാട്ടര്‍ അഥോറിറ്റി പദ്ധതി ഉപേക്ഷിച്ചു.

വീണ്ടും ലോകബാങ്കിന്റെ സഹായത്തോടെ ഇതേ പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പദ്ധതി പന്നായിക്കടവിലേക്ക് മാറ്റി നടപ്പിലാക്കുകയായിരുന്നു. പ്രതിദിനം ആറരക്കോടി ലിറ്റര്‍ വെള്ളം പന്നായിക്കടവില്‍ നിന്ന് പദ്ധതിക്ക് വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ഇത് പമ്പാനദിക്ക് സമീപമുള്ള കിണറുകളിലെയും മറ്റ് ജലസ്രോതസുകളെയും കൃഷിയെയും സാരമായി ബാധിക്കുമെന്നതിനാല്‍ പദ്ധതി മാറ്റണമെന്ന് ആവശ്യപ്പെട്ട് കടപ്ര ഗ്രാമപഞ്ചായത്തിലുള്ളവര്‍ 2013ല്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇതും അധികൃതര്‍ ഗൗരവത്തിലെടുത്തില്ല.

ആലപ്പുഴ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേടുണെ്ടന്ന പരാതിയില്‍ കോട്ടയം വിജിലന്‍സ് കോടതി ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടിട്ടുണ്ട്. 2000ത്തില്‍ ആരംഭിച്ച പദ്ധതിയുടെ നിര്‍മാണം ഇപ്പോള്‍ ഭൂരിഭാഗവും പൂര്‍ത്തിയായതായി അധികൃതര്‍ പറയുന്നു. പദ്ധതിയുടെ ഉദ്ഘാടനം രണ്ടുമാസത്തിനകം ഉണ്ടാകുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. എന്നാല്‍ പദ്ധതി സംബന്ധിച്ച് ഉയരുന്ന ആരോപണങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

Related posts