ഉണ്യാല്‍ സംഘര്‍ഷം: സമാധാന ചര്‍ച്ച അലങ്കോലമാക്കിയത് എംഎല്‍എ

kkd-unniyalമലപ്പുറം: അക്രമമുണ്ടായ ഉണ്യാലില്‍ സമാധാനമുണ്ടാക്കാന്‍ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗം താനൂര്‍ എംഎല്‍എയുടെ പിടിവാശി മൂലം അലങ്കോലമായെന്ന് മുസ്്‌ലിം ലീഗ് ആരോപിച്ചു. ചര്‍ച്ചയില്‍ മുസ്്‌ലിംലീഗ് നേതാക്കള്‍ ഇരിക്കരുതെന്ന സ്ഥലം എംഎല്‍എ വി. അബ്ദുറഹിമാന്റെ പിടിവാശി മൂലം യോഗം ലക്ഷ്യം കണ്ടില്ലെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു. എംഎല്‍എയുടെ നിലപാടില്‍ പ്രതിഷേധിച്ച് മുസ്്‌ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധികള്‍  യോഗത്തില്‍ നിന്നു ഇറങ്ങി പോയി.

ഇന്നലെ ഉച്ചക്കുശേഷം മൂന്നിനാണ് കളക്ടര്‍ എ.ഷൈനാമോള്‍ യോഗം വിളിച്ചു ചേര്‍ത്തത്. ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയുടെ നേതൃത്വത്തില്‍ മുന്‍ എംഎല്‍എ അബ്ദുറഹിമാന്‍ രണ്ടത്താണിയും തിരൂര്‍ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ വെട്ടം ആലിക്കോയ, താനൂര്‍ നിയോജക മണ്ഡലം മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി എം.പി അഷ്‌റഫ്, മത്സ്യതൊഴിലാളി യൂണിയന്‍ (എസ്ടിയു) ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. സൈതലവി, കെ.സി ബാവ, പി. ഇസ്മായില്‍ തുടങ്ങി യൂത്ത് ലീഗ് മണ്ഡലം പഞ്ചായത്ത് നേതാക്കളും യോഗത്തിനെത്തിയിരുന്നു. എംഎല്‍എ യോഗം ആരംഭിക്കുന്നതിനു മുമ്പു തന്നെ തടസവാദം ഉന്നയിക്കുകയായിരുന്നുവെന്ന് മുസ്്‌ലിം ലീഗ് കുറ്റപ്പെടുത്തി.

യോഗത്തില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി അടക്കമുള്ള മുസ്‌ലിംലീഗിന്റെ മുതിര്‍ന്ന നേതാക്കള്‍ പാടില്ലെന്നും പ്രദേശിക നേതാക്കള്‍ മതിയെന്നുമായിരുന്നു എംഎല്‍എയുടെ പിടിവാശി.   എന്നാല്‍ മുസ്‌ലിംലീഗിന്റെ പ്രതിനിധികളെ തീരുമാനിക്കേണ്ടത് എംഎല്‍എ അല്ലെന്നും പാര്‍ട്ടിയാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ കളക്ടറെ അറിയിച്ചു. കളക്ടറുടെ ക്ഷണം സ്വീകരിച്ചാണ് യോഗത്തിനെത്തിയതെന്നും നേതാക്കള്‍ അറിയിച്ചു. നാട്ടില്‍ സമാധാനം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ തീരുമാനിച്ച  യോഗം നടക്കാതെ പോകരുതെന്ന് പങ്കെടുത്തവര്‍ പറഞ്ഞെങ്കിലും എംഎല്‍എ പിടിവാശിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നുവെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു.

കളക്ടര്‍ വിളിച്ച യോഗം എംഎല്‍എ അലങ്കോലപ്പെടുത്തുകയായിരുന്നുവെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. യോഗത്തില്‍ പാര്‍ട്ടിയുടെ പ്രതിനിധിയായി ആരെ പങ്കെടുപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് ലീഗാണ് എംഎല്‍എയല്ല, കളക്ടറുടെ ക്ഷണം സ്വീകരിച്ചാണ് ലീഗ് നേതാക്കള്‍ എത്തിയത്. കാലങ്ങളായി താനൂര്‍ മണ്ഡലത്തില്‍ എംഎല്‍എ ആയി പ്രവര്‍ത്തിച്ച അബ്ദുറഹിമാന്‍ രണ്ടത്താണി യോഗത്തില്‍ ഇരിക്കാന്‍ പാടില്ലെന്ന് പറയുന്നത് അന്യായമാണ്. ഇതിനു പിന്നിലുള്ള സ്ഥലം എംഎല്‍എയുടെ വെപ്രാളം വ്യക്തമല്ല. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിനു പകരം സങ്കീര്‍ണമാക്കാനാണ് എംഎല്‍എ ശ്രമിച്ചത്. സിപിഎമ്മിന്റെ ഇത്തരം നിലപാടുകള്‍ പ്രദേശത്ത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും ഇ.ടി പറഞ്ഞു.

Related posts