കരുവാറ്റ: എന്‍എച്ച് 47 കിഴക്ക് കരുവാറ്റ -ചെറുതന റോഡുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന മങ്കുഴി പാലം അപകടാവസ്ഥയില്‍. എടത്വ പള്ളി, ചക്കുളത്തുകാവ്, പരുമലപള്ളി, തിരുവല്ല എന്നീ സ്ഥലങ്ങളിലേക്കു വളരെ വേഗം എത്താനുള്ള മങ്കുഴി പാലമാണ് മുകള്‍വശം ഇടിഞ്ഞു താഴ്ന്നനിലയിലായത്. കൈവരികള്‍ക്കാകട്ടെ ബലവുമില്ല. 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് പിഡബ്ല്യുഡി നിര്‍മിച്ച പാലം അതിനു ശേഷം ഒരിക്കല്‍ പോലും അറ്റകുറ്റപ്പണികള്‍ നടത്താന്‍ അധികൃതര്‍ തയാറായിട്ടില്ല.
കൊപ്പാറ- കായംകുളം കായലുമായി ബന്ധിപ്പിക്കുന്ന തോട് ഒഴുകുന്നത് ഈ പാലത്തിനടിയിലൂടെയാണ്. നിരവധി കോളജ് സ്കൂള്‍ കുട്ടികളും മറ്റു വാഹന യാത്രക്കാരും ഈ പാലത്തിലൂെടയാണ് യാത്ര ചെയ്യുന്നതും. ഇതിനോടൊപ്പം ടിപ്പര്‍ ലോറികളും വലിയ ഭാരവുമായി ഈ പാലത്തിലൂെട കടന്നു പോകുന്നു. ഇതും ഈ പാലത്തിന്റെ ബലക്ഷയത്തിനു കാരണമായതായി പറയുന്നു. കരുവാറ്റയേയും, ചെറുതനയേയും ബന്ധിപ്പിക്കുന്ന കൊപ്പാറകടവില്‍ മറ്റൊരു പാലം പുതിയതായി നിര്‍മിക്കുന്നതിനാലാണ് ഈ പാലത്തെ അധികൃതര്‍ അവഗണിക്കുന്നതെന്നാണ് പ്രധാന ആക്ഷേപം.