കവുങ്ങിന്‍തോട്ടങ്ങളില്‍ മഹാളിയും മഞ്ഞളിപ്പും; രോഗം തടയാനാവാതെ അടയ്ക്കാ കര്‍ഷകര്‍

tcr-pakkuറസാക് കേച്ചേരി
കേച്ചേരി: ജില്ലയുടെ പ്രധാന കാര്‍ഷിക വിളയായ കവുങ്ങുകളെ വേരോടെ പിഴുതെറിയുംവിധം മഹാവ്യാധി കണക്കെ തോട്ടങ്ങളില്‍ പടര്‍ന്നുകയറുകയാണ് മഹാളിരോഗവും മഞ്ഞളിപ്പ് രോഗവും. അടയ്ക്കയുടെ വിലവര്‍ധനവ് പ്രതീക്ഷകളെ ഇരട്ടിപ്പിക്കുന്നുണ്ടെങ്കിലും രോഗവിമുക്തി നേടാനാവാത്ത പ്രതികൂലാവസ്ഥ അടയ്ക്കാ കര്‍ഷകരെ ആശങ്കപ്പെടുത്തുകയാണ്. മഹാളിരോഗം പ്രധാനമായും അടയ്ക്കയെയാണ് ബാധിക്കുന്നതെങ്കില്‍ മഞ്ഞളിപ്പ് രോഗം അടയ്ക്കാമരത്തെ തന്നെ മുഴുവനായും നശിപ്പിക്കുകയാണ്. കവുങ്ങുകളില്‍ പച്ചനിറത്തില്‍ പട്ട വിരിഞ്ഞ് മൂപ്പെത്തും മുമ്പേ മഞ്ഞ നിറമാവുകയാണ്.

പിന്നീട് ഉണങ്ങി, പൂക്കുലകളേയും ബാധിക്കുന്നു. മുതിര്‍ന്ന പച്ചനിറത്തിലുള്ള അടയ്ക്കപോലും പഴുക്കുന്നതിനുമുമ്പേ കൊഴിഞ്ഞുവീഴുകയും ക്രമേണ കവുങ്ങിന്റെ തല പോവുകയുമാണ്. കഴിഞ്ഞ 15 വര്‍ഷത്തിനിടയിലാണ് അടയ്ക്കയുടെ വില ഒരു തുലാന്‍ 20 കിലോഗ്രാമിനു 5000 രൂപയുടെ അടുത്തെത്തിയത്. പഴയ അടയ്ക്കയ്ക്ക് 4800 രൂപയും പുതിയതിനു 4500 രൂപയുമാണ് മാര്‍ക്കറ്റ് വില. രോഗാവസ്ഥയില്‍ ഉല്‍പ്പാദനം കുറഞ്ഞതും കര്‍ഷകരെ നിരാശപ്പെടുത്തുന്നുണ്ട്.

മഹാളിരോഗത്തെ പ്രതിരോധിക്കാന്‍ തുരിശും കുമ്മായവും അര്‍പ്പൂസും ചേര്‍ന്ന മിശ്രിതമാണ് കവുങ്ങില്‍ കുലകളില്‍ പതിവായി തെളിക്കുന്നത്.  മഞ്ഞളിപ്പ് രോഗത്തിനു ഫലപ്രദമായ പ്രതിരോധ ചികിത്സ കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. പാരമ്പര്യ കര്‍ഷകര്‍ ചില നാടന്‍ പ്രയോഗങ്ങള്‍ പരീക്ഷിക്കുന്നുണ്ടെങ്കിലും അതും ഫലവത്താകുന്നില്ല. തോട്ടങ്ങളില്‍ പണി എടുപ്പിക്കുന്നതിനും അടയ്ക്ക പറിച്ചെടുത്ത് സംസ്കരിച്ച് വിപണിയിലെത്തിക്കുന്നതിനും ഭാരിച്ച കൂലിചെലവാണ് കര്‍ഷകര്‍ പേറുന്നത്. ദേശീയ ബാങ്കുകളില്‍നിന്നും സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളില്‍നിന്നും ഭീമമായ പലിശയ്ക്ക് പണം കടമെടുത്താണ് മിക്ക കര്‍ഷകരും അടയ്ക്കാകൃഷി നടത്തിപ്പോരുന്നത്.

രോഗം ബാധിച്ച് കവുങ്ങുകളുടെ ഈ ദുരിതാവസ്ഥയില്‍ വായ്പ എങ്ങനെ തിരിച്ചടയ്ക്കുമെന്നുള്ള ആകുലതയാണ് കര്‍ഷകരെ നട്ടം തിരിക്കുന്നത്. പ്രമുഖ വിപണന കേന്ദ്രങ്ങളായ കേച്ചേരി, പഴിഞ്ഞി, ചങ്ങരംകുളം, ചാലിശേരി, അമല നഗര്‍, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി, കുന്നംകുളം എന്നിവക്കൊപ്പം ചെറതും വലുതുമായ സംസ്കരണ കേന്ദ്രങ്ങളും അനുബന്ധ കച്ചവട സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. വിപണന കേന്ദ്രങ്ങളില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് അടയ്ക്കയുടെ വരവ് കുറഞ്ഞതിനാല്‍ അടയ്ക്കയെ ആശ്രയിച്ചുള്ള സാധാരണ ജീവിതത്തിനും പോറലേറ്റിട്ടുണ്ട്.

അടയ്ക്കയുടെ വില ഗണ്യമായി ഉയര്‍ന്നിട്ടും കവുങ്ങുകളെ ബാധിച്ച രോഗാവസ്ഥമൂലം ഉല്‍പ്പാദനം കുറഞ്ഞതിനാല്‍ അടയ്ക്കാ വിപണിയുടെ പിന്നോട്ടടിക്കും കാരണമായി. ഈ പിന്നോട്ടടിയും തുടര്‍ച്ചയായുള്ള കവുങ്ങ് കൃഷിയുടെ തകര്‍ച്ചയും മനസ്സില്ലാ മനസ്സോടെ ഏറ്റുവാങ്ങുവാന്‍ തയാറെടുക്കുകയാണ് അടയ്ക്കാ കര്‍ഷകര്‍. ഈ സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാനായിട്ടെങ്കിലും കവുങ്ങ് കര്‍ഷകര്‍ക്കായുള്ള ആനുകൂല്യ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കണമെന്നാണ് കര്‍ഷകര്‍ ഒന്നടക്കം സര്‍ക്കാരിനോടാവശ്യപ്പെടുന്നത്.

Related posts