തിരുവല്ല: നെല്‍വയല്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഡേറ്റാ ബാങ്ക് സംവിധാനം ആശയക്കുഴപ്പത്തിനിടയാക്കുന്നു.പദ്ധതി നടപ്പാക്കി തുടങ്ങിയപ്പോള്‍ തന്നെ ആശയക്കുഴപ്പവും ഉടലെടുത്തിരിക്കുകയാണ്. പല പുരയിടങ്ങളും നെല്‍വയലായി ഡേറ്റാബാങ്കില്‍ രേഖപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ ജനങ്ങള്‍ക്ക് വീട് വയ്ക്കാന്‍ നിയമത്തില്‍ ചില ഭേദഗതികള്‍ നല്കി മുന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു .നിലമെന്ന് രേഖകളിലും മറ്റും കാണുന്ന പല കരഭൂമികളിലും തലമുറകളായി വീട് വച്ച് താമസിച്ചു വരികയാണ് പലരും .രേഖകളിലെ പിഴവ് മൂലം സ്വന്തം സ്ഥലം തങ്ങള്‍ക്കിഷ്ടപ്പെട്ട രീതിയില്‍ ഉപയോഗിക്കാനാകാത്ത സ്ഥിതിയാണിപ്പോള്‍.
രേഖകളില്‍ നെല്വയലെന്നു മുദ്രകുത്തിയ സ്ഥലത്തു വീട് വയ്ക്കുന്നതിനും മെയിന്റനന്‍സിനും അനുവാദം നല്കാന് പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍ എന്നിവരടങ്ങുന്ന സമിതിക്ക് സര്‍ക്കാര്‍ മുമ്പ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് സുപ്രീംകോടതി അസ്ഥിരപ്പെടുത്തിയതോടെ തലമുറകളായി വീടു വച്ചു താമസിക്കുന്നവര്‍ക്ക് അറ്റകുറ്റപ്പണികള്‍ പോലും നടത്താന്‍ കഴിയാത്ത സാഹചര്യമായി.
റവന്യു രേഖകളിലും നിലവിലെ ഡാറ്റാ ബാങ്കിലുമുള്ള അപാകതകളാണ് ജനങ്ങളെയും ചെറുകിട കര്‍ഷകരെയും ഏറെ ബുദ്ധിമുട്ടിക്കുന്നത്. പല പഞ്ചായത്തുകളിലും പ്രശ്നം പരിഹരിക്കാനാകാതെ ജനങ്ങള്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുത്തു. ഉദ്യോഗസ്ഥരാകട്ടെ വ്യക്തമായ നിലപാട് സ്വകരിക്കാതെ നാട്ടുകാര്‍ക്ക് മുമ്പില്‍ കൈമലര്‍ത്തുന്നു. ഇതേ സമയം പഞ്ചായത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങി വീടുവച്ചവര്ക്കാകട്ടെ കെട്ടിട നമ്പര്‍ പോലും ലഭിച്ചിട്ടില്ല. വൈദ്യുതിയടക്കമുളള സര്‍ക്കാര്‍ നടപടികള്‍ക്ക് കെട്ടിട നമ്പര്‍ ആവശ്യവുമാണ്. തിരുവല്ല താലൂക്കിന് കീഴിലുളള വിവധ പഞ്ചായത്തുകളില്‍ നൂറുകണക്കിന് കര്‍ഷകരുടെയൂം, തുണ്ട് ഭൂമികള്‍ ഉള്ളവരുടെയും അപേക്ഷകളില്‍ തീരുമാനം വൈകുന്നത് അപേക്ഷകള്‍ കെട്ടികിടക്കാന്‍ ഇടയാക്കി.
പെരിങ്ങര, നെടുമ്പ്രം,നിരണം,കടപ്ര, പഞ്ചായത്തുകളില്‍ സമാന സ്ഥിതി രൂക്ഷമായതോടെ ജനങ്ങള്‍ പ്രക്ഷോഭ മാര്‍ഗം സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്. നൂറുകണക്കിന് അപേക്ഷകള്‍ കെട്ടികിടക്കുമ്പോഴും ഡാറ്റാ ബാങ്കിലെയും റവന്യു രേഖകളിലേയും ജനവിരുദ്ധ റിപ്പോര്‍ട്ടുകള്‍ തിരുത്താന്‍ യാതൊരു നടപടികളും ബന്ധപ്പെട്ട ഒരു വിഭാഗങ്ങളും നടത്തുന്നില്ല. നഗരസഭകളിലെയും, പഞ്ചായത്തുകളിലെയും നഗര വികസന മാസ്റ്റര്‍ പ്ലാനുകളും താമസ മേഖലകളും മറ്റും പ്രായോഗികമായി പുനഃക്രമീകരിക്കുന്നതില്‍ വലിയ പിഴവുകളാണ് സംഭവിക്കുന്നത്.