ടി.എ. കൃഷ്ണപ്രസാദ്
തൃശൂർ: മുപ്പതു മണിക്കൂർകൊണ്ട് വയലിനിസ്റ്റ്, ആറു മണിക്കൂർ കൊണ്ട് കീ ബോ ർഡിസ്റ്റ്… എന്നിങ്ങനെ മോഹനവാഗ്ദാനങ്ങൾ നല്കി കുട്ടികൾക്കുള്ള അവധിക്കാല ക്രാഷ് കോഴ് സുകളുടെ പേരിൽ വൻ തട്ടിപ്പ്.
ഒരു മനുഷ്യായുസുകൊണ്ടു പോലും പൂർണമായും പഠിച്ചെടുക്കാൻ സാധിക്കാത്ത കലകൾ മണിക്കൂറുകൾകൊണ്ട് സ്വായത്തമാക്കാമെന്നു മോഹിപ്പിച്ചാണു പണം തട്ടിപ്പ്.
കുട്ടികളെയും വലിയവരെയും ഒരുപോലെ ആകർഷിച്ച് ആയിരങ്ങളാണ് ഇത്തരം വ്യാജ ഇൻസ്ട്രക്ടർമാർ ഇൗടാക്കുന്നത്.
വേനലവധിക്കാലമായതോടെ പ്രധാനമായും കുട്ടികളെ ലക്ഷ്യമിട്ടാണ് തട്ടിപ്പുസംഘങ്ങൾ തലപൊക്കിയിരിക്കുന്നത്.
കലകളെ കുറിച്ചോ കലാപ്രകടനങ്ങൾക്കു പിന്നിലെ വർഷങ്ങളോളമുള്ള പരിശ്രമങ്ങളെക്കുറിച്ചോ അറിയാത്തവരാണ് തട്ടിപ്പുകാർക്ക് ഇരകളാകുന്നത്.
വ്യാജന്മാരുടെ കൈയിൽപെട്ടാൽ കുട്ടികളിലുള്ള കലാവാസന അതോടെ നഷ്ടപ്പെടുകയും ചെയ്യും.
ഒരു തപസ്യപോലെ സംഗീതത്തേയും മറ്റു കായിക പ്രകടനങ്ങളെയും ഉൾക്കൊണ്ട് വർഷങ്ങളായി അഭ്യസിപ്പിക്കുന്ന ഗുരുക്കന്മാർക്ക് അല്പജ്ഞാനികളായ “ഇൻസ്റ്റന്റ് പരിശീലകർ’ അപവാദമാണ്.
സംഗീതോപകരണ പരിശീലനങ്ങളുടെയും മറ്റു കലാകായിക ക്യാന്പുകളുടെ പേരിലും വ്യാജന്മാരുടെ കുത്തൊഴുക്ക് തിരിച്ചറിയണമെന്ന് യഥാർഥ പരിശീലകർ മുന്നറിയിപ്പു നല്കുന്നു.
പരീക്ഷാ ചൂടിൽ വെന്തുരുകിയ കുട്ടിമനസുകളെ കുളിരണിയിക്കേണ്ടത് അത്യാവശ്യമാണ്. കുട്ടികളുടെ സര്‍ഗ വാസനകള്‍ വര്‍ധിപ്പിച്ച് പഠനേതരവിഷയങ്ങളില്‍ മികവ് പുലര്ത്തുന്നവരാക്കാൻ പ്രാപ്തമാക്കുന്ന ക്യാന്പുകൾ ഒട്ടേറെയുണ്ട്.
അച്ഛനും അമ്മയും ജോലിക്കു പോയി വീട്ടിൽ ഒറ്റപ്പെടുന്ന കുട്ടികൾക്ക് അവധിക്കാല ക്യാന്പുകളും മറ്റു കലാകായിക പഠനങ്ങളും ആശ്വാസകരവുമാണ്.
ഇതിന് എത്ര പണം ചെലവാക്കാനും ഭൂരിഭാഗം രക്ഷിതാക്കളും തയാറാണ്. ഇൗ മനോഭാവമാണ് വ്യാജ ക്യാന്പു നടത്തിപ്പുകാർ മുതലെടുക്കുന്നത്.
കുട്ടികളെ അവധിക്കാല ക്യാന്പുകളിലും കലാകായിക പരിശീലനത്തിനും ചേർക്കുന്പോൾ വ്യാജ ക്രാഷ് കോഴ്സുകൾ നടത്തുന്നവരുടെ കൈയിൽപെടാതെ സൂക്ഷിക്കണമെന്നു തഴക്കംവന്ന ഗുരുക്കന്മാർ ഒാർപ്പെടുത്തുന്നു.