ചെറായി: തെരുവുനായ ബൈക്കിനു കുറുകെ ചാടിയതിനെ തുടര്‍ന്നു തലയിടിച്ചു റോഡില്‍ വീണ ബൈക്ക് യാത്രക്കാരനായ നവവരന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നു. വീഴ്ചയില്‍ തലയോടിനു പൊട്ടലുണ്ടായ സാഹചര്യത്തില്‍ ഇയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലായിരുന്നു. കൈയ്യും ഒടിഞ്ഞിരുന്നു.
ചെറായി ബീച്ചില്‍ മാളിയേക്കല്‍ നിമോഷ്(32)നാണ് പരിക്കേറ്റത്. ബീച്ചിനു വടക്ക് കമ്പനിക്കടവിലാണ് അപകടം ഉണ്ടായത്. ചെറായി ദേവസ്വം നടയിലെ ഓട്ടോ ഡ്രൈവറായ നിമോഷ് ബൈക്കില്‍ ചെറായിയിലേക്ക് വരുമ്പോഴാണ് ബീച്ചില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ വട്ടം ചാടിയത്. പെട്ടെന്ന് ബ്രേക്കിട്ടെങ്കിലും ബൈക്ക് നായയുടെ ദേഹത്ത് ഇടിച്ച് തെന്നി മറിയുകയായിരുന്നു. നിമോഷ് തലയിടിച്ചാണ് റോഡില്‍ വീണത്. ബോധരഹിതനായ യുവാവിനു 24 മണിക്കൂറിനുശേഷമാണ് ബോധം തെളിഞ്ഞത്. എംആര്‍ ഐ സ്കാന്‍ ചെയ്തപ്പോഴാണ് തലയോടിന്റെ പൊട്ടല്‍ അറിഞ്ഞത്. ഇനിയും ഒരു സ്കാനിംഗ് കൂടി വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. രണ്ട് മാസം മുമ്പാണ് ഇയാള്‍ വിവാഹിതനായത്.