കൊച്ചി: ജീവകാരുണ്യം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കനിവ് പാലിയേറ്റീവ് കെയര്‍ ആന്‍ഡ് ചാരിറ്റബിള്‍ ഫോറവും സിഐടിയു സിറ്റി ചുമടും സംയുക്തമായി സംഘടിപ്പിച്ച ഓണോത്സവത്തിന്റെ ഭാഗമായുള്ള 1000 സൗജന്യ ഓണക്കിറ്റുകളുടെ വിതരണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തിനു പൊതുജീവിതത്തിലുള്ള സ്വാധീനം ഇല്ലാതാക്കി സമൂഹത്തെ അരാഷ്ട്രീയവത്ക്കരിക്കന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി ഇതിനു മറുപടി നല്‍കണം. പരിസരശുചിത്വം കര്‍മപരിപാടിയായി ഏറ്റെടുത്ത് ജനകീയ ദൗത്യമാക്കി മാറ്റാന്‍ സന്നദ്ധ സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും തൊഴിലാളി സംഘടനകളും തദ്ദേശസ്ഥാപനങ്ങളും മുന്നോട്ടുവരണം. കുടിവെള്ള സ്രോതസുകള്‍ മാലിന്യമുക്തമാക്കണം. പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്താത്ത ആദ്യ ദക്ഷിണേന്ത്യന്‍ സംസ്ഥാനമാക്കിയും എല്ലാ വീട്ടിലും കക്കൂസുള്ള സംസ്ഥാനമാക്കിയും കേരളത്തെ മാറ്റാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ കൂട്ടായ ശ്രമം നടത്തണം.
കനിവ് ഏര്‍പ്പെടുത്തിയ സൗജന്യ ചികിത്സാ സഹായധനം സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവും ചുമട്ടുതൊഴിലാളികളുടെ മക്കളില്‍ വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള പുരസ്കാരങ്ങള്‍ സംവിധായകന്‍ ആഷിക് അബുവും വിതരണം ചെയ്തു. 36 പേര്‍ക്കാണ് ചികിത്സാ സഹായം വിതരണം ചെയ്തത്. 90 ദിവസത്തിനകം ട്രോമാ കെയര്‍ സംവിധാനമുള്ള മെഡിക്കല്‍ ആംബുലന്‍സ് 35 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ചുനല്‍കുമെന്ന് പാലിയേറ്റീവ് കെയര്‍ ഫോറം സെക്രട്ടറി കെ.എം. അഷ്‌റഫ് പറഞ്ഞു. എറണാകുളം കായ മാര്‍ക്കറ്റില്‍ ടി.എല്‍. അനില്‍കുമാര്‍ നഗറില്‍ നടന്ന സമ്മേളനത്തില്‍ കനിവ് പാലിയേറ്റീവ് കെയര്‍ ആന്‍ഡ് ചാരിറ്റബിള്‍ ഫോറം പ്രസിഡന്റ് എന്‍.എം. മാത്യൂസ് അധ്യക്ഷത വഹിച്ചു.