കോഴിക്കോട്: ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കുന്ന ട്രാക്ക് ഏഷ്യ കപ്പ് 2016 സൈക്ലിംഗ്് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി വെള്ളി മെഡല്‍ കൊയ്ത് മലയാളി താരം അലീന റെജി. അന്തര്‍ദേശീയ തലത്തില്‍ ആദ്യമായി മത്സരിക്കുന്ന അലീനയ്ക്ക് ഒരു സെക്കന്‍ഡിന്റെ വ്യത്യാസത്തിലാണ് സ്വര്‍ണം നഷ്ടമായത്. മലേഷ്യയുടെ അനിസ് അമീറയ്ക്കാണ് ഒന്നാം സ്ഥാനം. ഉസ്ബക്കിസ്ഥാന്‍ താരം ജന്റുഗനോവ ഒല്‍ഗ വെങ്കലം നേടി.ആദ്യ ദിനത്തില്‍ ഇന്ത്യ മൂന്ന്് സ്വര്‍ണവും, രണ്ട് വെള്ളിയും, ഒരു വെങ്കലവുമടക്കം ആറ് മെഡലുകള്‍ സ്വന്തമാക്കി.
ഇന്ത്യ ആതിഥ്യമരുളുന്ന സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പാക്കിസ്ഥാന്‍, ഇറാന്‍, യുഎഇ, കസാക്കിസ്ഥാന്‍,ഹോങ്കോംഗ്, ഉസ്ബക്കിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, തായ്‌വാന്‍, മക്കാവോ, ചൈന, മലേഷ്യ എന്നീ 13 രാജ്യങ്ങളില്‍ നിന്നുള്ള 150 ല്‍പരം താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്. ജൂണിയര്‍, സീനിയര്‍, പുരുഷ, വനിതാ വിഭാഗങ്ങളിലായി നടക്കുന്ന വിവിധ മത്സരങ്ങളില്‍ 29 പേര്‍ ഇന്ത്യക്കു വേണ്ടി ജഴ്‌സിയണിയുന്നു. തിരുവോണ നാളില്‍ ആരംഭിച്ച ചാമ്പ്യന്‍ഷിപ്പ് ഇന്നു സമാപിക്കും. ഈ മത്സരത്തില്‍ മികവ് തെളിയിക്കുന്നവരെ ലോക സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിലേക്ക് പരിഗണിക്കും. ലോക സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിലെ ജൂണിയര്‍ ഗേള്‍സ് വിഭാഗത്തില്‍ അലീന റെജി ഇന്ത്യക്കുവേണ്ടി ജേഴ്‌സിയണിയും.
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ കര്‍ഷക കുടുംബമായ പുതുപ്പമ്പില്‍ റെജി പി.ചെറിയാന്‍- മിനി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് പതിനാറുകാരിയായ അലീന. ന്യൂഡല്‍ഹി സായിയുടെ കീഴില്‍ പരിശീലനം തുടരുന്ന അലീന തിരുവനന്തപുരം ചെമ്പഴന്തി ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്.
പത്താം ക്ലാസ് വിദ്യാര്‍ഥിനി ആയിരിക്കെ, തിരുവനന്തപുരത്ത് നടന്ന ദേശീയ ട്രാക്ക് സൈക്ലിംഗില്‍ ടൈം ട്രയല്‍, സ്ക്രാച് റേസ്, ടീം സ്പ്രിന്റ് വിഭാഗത്തില്‍ അലീന കേരളത്തിനുവേണ്ടി മൂന്ന് സ്വര്‍ണം നേടിയിരുന്നു. മണിപ്പൂരില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ടൈം ട്രയല്‍ വിഭാഗത്തില്‍ സ്വര്‍ണമണിഞ്ഞ അലീന റോഡ് സൈക്ലിംഗില്‍ വെള്ളിയും നേടി. കേരള സ്‌പോട്‌സ് കൗണ്‍സില്‍ കോച്ച് ചന്ദ്രന്‍ ചെട്ടിയാരുടെ വിദഗ്ധ പരിശീലനത്തെതുടര്‍ന്നാണ് അലീനയ്ക്ക് ന്യൂഡല്‍ഹി സായ് ക്യാമ്പില്‍ സെലക്ഷന്‍ ലഭിച്ചത്.