ന്യൂഡല്‍ഹി: ഭര്‍ത്താവിനെ കാണാനില്ലെന്ന് പോലീസ് സ്റ്റേഷനില്‍ പരാതിയുമായി കയറിയിറങ്ങിയ യുവതി ഒടുവില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ അകത്തായി. വാഹനാപകടത്തില്‍ ഭര്‍ത്താവ് മരിച്ചതായി വരുത്തിതീര്‍ക്കാനുള്ള യുവതിയുടേയും കാമുകന്റെയും നാടകമാണ് അമിതാഭിനയത്തില്‍ പൊളിഞ്ഞുവീണത്. തെക്കന്‍ ഡല്‍ഹിയിലെ സരോജിനി നഗറിലായിരുന്നു സംഭവം. അമിത് കുമാറിന്റെ ഭാര്യ ബര്കയാണ് അറസ്റ്റിലായത്.
കഴിഞ്ഞ സെപ്റ്റംബര്‍ ഒമ്പതിനാണ് അമിത് കുമാറിനെ കാണാനില്ലെന്ന് ബര്‍ക പോലീസില്‍ പരാതി നല്‍കിയത്. അമിതിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയെന്നും മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ സന്ദേശം എത്തിയതായും ഇവര്‍ പോലീസില്‍ അറിയിച്ചു. ഇവര്‍ പരാതി നല്കിയ അതേ ദിവസം രാത്രിയില്‍ ബഹാദുര്‍ഗയില്‍ കാര്‍ കയറി മരിച്ചനിലയില്‍ അമിതിനെ കണ്ടെത്തി. മൃതദേഹം അമിതിന്റേതാണെന്ന് സ്ഥിരീകരിച്ച പോലീസ് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബര്കയ്ക്കു വിട്ടുനല്‍കി.
ഡ്രൈവറായ അമിത് കുമാര്‍ മെട്രോയില്‍ മുണ്ടക മെട്രോ സ്റ്റേഷനില്‍ ഇറങ്ങി ഇവിടെനിന്നും ബൈക്കില്‍ ജോലി സ്ഥലത്തേക്ക് പോകുകയാണ് പതിവ്. എന്നാല്‍ ബുര്കയുടെ പരാതിയില്‍ പറയുന്ന സെപ്റ്റംബര്‍ ഒമ്പതാം തീയതി മുഴുവന്‍ സമയവും മുണ്ടക മെട്രോസ്റ്റേഷനില്‍ അമിതിന്റെ ബൈക്ക് ഉണ്ടായിരുന്നതായി ഇവിടുത്തെ സിസിടിവി ദൃശ്യങ്ങളില്‍നിന്നും പോലീസ് മനസിലാക്കി. ഇതോടെ ബുര്കയുടെ കഥയില്‍ പോലീസിന് സംശയം ഉണ്ടായി. കൂടുതല്‍ അന്വേഷണത്തില്‍ ബുര്കയ്ക്ക് അമിതിന്റെ സുഹൃത്തായ സത്വീര് സിംഗ് എന്നയാളുമായി ബന്ധമുള്ളതായി പോലീസ് കണ്ടെത്തി.
മൂന്നു വര്‍ഷം മുമ്പാണ് സത്വീര് അമിതിനെ പരിചയപ്പെടുന്നത്. പിന്നീട് അമിതിന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായി സത്വീര്. അടുത്തിടയ്ക്കാണ് സത്വീറുമായി ഭാര്യ പ്രണയത്തിലാണെന്ന വിവരം അമിത് അറിയുന്നത്. ഇതേചൊല്ലി ഇരുവരും തമ്മില്‍ കലഹം പതിവാകുകയും ചെയ്തു. സത്വീറുമായും അമിത് വഴക്കുണ്ടാക്കി. ഇതിനെ തുടര്‍ന്നാണ് കാമുകനുമായി ചേര്‍ന്ന് അമിതിനെ ഇല്ലാതാക്കാന്‍ ബര്‍ക പദ്ധതി തയാറാക്കിയത്. വിവാഹ വാര്‍ഷിക ദിവസമാണ് ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ ബര്‍ക തെരഞ്ഞെടുത്തത്.
ആഘോഷത്തില്‍ പങ്കുചേരാന്‍ സത്വീറും എത്തി. ആഘോഷത്തിനിടെ അമിതിനെ സത്വീര് വിഷദ്രാവകം കുടിപ്പിച്ചു. പിന്നീട് കമിതാക്കളും ബര്‍കയുടെ അമ്മ ഉഷയും സുഹൃത്ത് പ്രവീണും ചേര്‍ന്ന് അമിതിന്റെ തലയ്ക്കടിച്ചു. അബോധാവസ്ഥയിലായ അമിതിനെ സത്വീറിന്റെ കാറില്‍ കയറ്റി ബഹാദുര്‍ഗയില്‍ എത്തിച്ചു. ഇവിടെയെത്തിയ ശേഷം ബര്‍ക ഭര്‍ത്താവിനെ വഴിയില്‍ എറിഞ്ഞു. പിന്നീട് സത്വീറിന്റെ കാര്‍ അമിതിന്റെ ശരീരത്തിലൂടെ കയറ്റിയിറക്കി. സംഭവത്തിനു ശേഷം തിരിച്ചെത്തിയ ബര്‍ക പോലീസ് സ്റ്റേഷനില്‍ എത്തി അമിതിനെ കാണാനില്ലെന്ന് പരാതി നല്‍കുകയും ചെയ്തു.
മെട്രോ സ്റ്റേഷനിലെ ബൈക്കാണ് കൊലപാതകം തെളിയാനിടയാക്കിയത്. കേസില്‍ സത്വീറിനെയും ബര്കയെയും പോലീസ് അറസ്റ്റ് ചെയ്തു. സത്വീറിന്റെ വീട്ടില്‍നിന്നാണ് ഇരുവരെയും പോലീസ് പൊക്കിയത്. സംഭവത്തില്‍ ബര്‍കയുടെ അമ്മ ഉഷയും സുഹൃത്ത് പ്രവീണ്‍ എന്നിവരും അറസ്റ്റിലായി.