കോട്ടയം: എംസി റോഡില്‍ ബേക്കര്‍ ജംഗ്ഷനും സീസര്‍പാലസ് ജംഗ്ഷനും ഇടയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ആധുനിക രീതിയില്‍ റോഡ് നിര്‍മിച്ചതിനു ശേഷം ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് കഴിഞ്ഞ കുറേ മാസങ്ങളായി ഇവിടെ നടന്നത്.
റോഡ് നവീകരിക്കുന്നതിനു മുമ്പ് ബേക്കര്‍ ജംഗ്ഷനും സീസര്‍പാലസ് ജംഗ്ഷനും ഇടയില്‍ ഡിവൈഡറുകള്‍ ഉണ്ടായിരുന്നു. റോഡ് നവീകരണത്തിന്റെ ഭാഗമായി ഡിവൈഡറുകള്‍ പിന്നീട് പൊളിച്ചു കളഞ്ഞു. എന്നാല്‍ ഡിവൈഡറുകള്‍ പുനസ്ഥാപിക്കാന്‍ ഇതുവരെയും അധികൃതര്‍ തയാറായില്ല. കഴിഞ്ഞ 15നു വൈഡബ്ല്യൂസിഎയ്ക്കു സമീപം നിയന്ത്രണം വിട്ട ബൈക്ക് ബസില്‍ ഇടിച്ചു യുവാവിന് പരിക്കേറ്റതാണ് അവസാനമായി ഇവിടെ നടന്ന അപകടം.
ചേര്‍ത്തല കൊക്കോതമംഗലം കുരിശിങ്കല്‍ സിജി(22)നാണ് പരിക്കേറ്റത്. റോഡില്‍ വാട്ടര്‍ അഥോറിറ്റി സ്ഥാപിച്ചിരിക്കുന്ന മാന്‍ഹോളിന്റെ അടപ്പില്‍ കയറി നിയന്ത്രണവിട്ട ബൈക്ക് ബസില്‍ ഇടിക്കുകയായിരുന്നു. ബേക്കര്‍ ജംഗ്ഷനില്‍ നിന്നും ഇറക്കം ഇറങ്ങിവരുന്ന കെഎസ്ആര്‍ടിസിബസുകളുള്‍പ്പെടെയുള്ള വാഹനങ്ങള്‍ അമിത വേഗതയിലാണ് സഞ്ചരിക്കുന്നത്. പുതുക്കിപണിത റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡുകളോ സീബ്രാലൈനുകളോ ഇല്ല.
ഇരുവശങ്ങളിലേക്കുമുള്ള വാഹനങ്ങളെ നിയന്ത്രിക്കുന്ന വെള്ളവരകളും ഇല്ല. രണ്ടാം ഘട്ട ടാറിംഗിനു ശേഷമേ വെള്ളവരകളും മൂന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കുകയുള്ളൂവെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ രണ്ടാം ഘട്ട ടാറിംഗ് എന്നു തുടങ്ങുമെന്നു ഇപ്പോഴും വ്യക്തമല്ല.