കള്ളന്‍ കപ്പലില്‍ തന്നെ..! കഞ്ചാവു കടത്താനും പ്രതികളെ രക്ഷിക്കാനും എക്‌െസെസില്‍ ലോബി

KLM-KANCHAVUതൊടുപുഴ: ഇടുക്കിയില്‍ അതിര്‍ത്തി കടന്ന് കഞ്ചാവ് എത്തുന്നതിനു പിന്നില്‍ ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നത് കീഴ് ഉദ്യോഗസ്ഥരെന്ന് ആരോപണം. ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നു തമിഴ്‌നാട്ടിലെ തേവാരംമെട്ട് കഴുതച്ചന്തയിലാണ് കഞ്ചാവ് എത്തിക്കുന്നത്. ഇവിടെ നിന്ന് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളായ ബോഡിമെട്ട്, കമ്പംമെട്ട്, കുമളി എന്നിവിടങ്ങളില്‍ കൂടിയാണ് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ എത്തുന്നത്. പഴം, പച്ചക്കറി എന്നിവ കൊണ്ടുവരുന്നതിന്റെ മറവിലാണ് ഇവ അതിര്‍ത്തി കടത്തുന്നത്.

4 എസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നവരാണ് കടത്തിനു പിന്നിലെ പ്രധാനികളെന്നു എക്‌സൈസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. കഴിഞ്ഞ മന്ത്രിസഭയുടെ അവസാന കാലത്ത് ഇവരെ സമീപ ജില്ലകളിലേക്ക് മാറ്റിയിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും ഇവര്‍ ഹൈറേഞ്ചിലെത്തിയിട്ടുണ്ട്. വ്യാജമദ്യം, ലഹരി ഉല്‍പ്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് തയാറെടുക്കുന്ന എക്‌സൈസ് ഉദ്യോഗസ്ഥരുടെ വീര്യം കെടുത്തുകയാണിവര്‍. ഹൈറേഞ്ചിലെ വിരമിച്ച ഉദ്യോഗസ്ഥന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇത്തരം ഇടപാടുകളിലൂടെ കോടികള്‍ സമ്പാദിച്ചതായി വിവരമുണ്ട്.

വരുമാനത്തില്‍ കൂടുതല്‍ ധാരാളിത്തം കാട്ടുന്ന ഇത്തരക്കാര്‍ക്കെതിരെ രഹസ്യാന്വേഷണം നടത്തിയാല്‍ കൂടുതല്‍ കഥകള്‍ പുറത്താകും. 2002ല്‍ മൂന്നാര്‍ എക്‌സൈസ് റേഞ്ചിനു കീഴിലെ ചിന്നാര്‍ ചെക്ക്‌പോസ്റ്റില്‍ ആയിരം ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയതു മറച്ചുവച്ച ശേഷം പിറ്റേന്ന് വെള്ളമാക്കി മാറ്റിയ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ കോട്ടയം ജില്ലയിലെ സ്ക്വാഡ് അംഗമാണ്.  ഇത്തരത്തില്‍ ഇടുക്കിയില്‍ എക്‌സൈസ് പിടികൂടിയ കേസുകള്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് തേയ്ച്ചുമാച്ചു കളയുന്നതും പതിവാണ്.

കട്ടപ്പന ബീവറേജസ് വില്‍പ്പന ശാലയില്‍ നിന്ന് അളവില്‍ കൂടുതല്‍ മദ്യം വാങ്ങി കൊണ്ടുപോകുന്നതിനിടെ 2015ല്‍ പിടിയിലായ എഴുകുംവയല്‍ സ്വദേശി ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിനെത്തുടര്‍ന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു കടന്നുകളഞ്ഞിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ ഗാര്‍ഡുമാരെ സംരക്ഷിക്കുന്നതിനു പകരം പ്രതിയെ രക്ഷപ്പെടുത്താനാണ് ഉന്നതര്‍ നീക്കം നടത്തിയത്. ഇയാളെ ഇതുവരെ പിടികൂടിയിട്ടില്ല. പേരിനു മാത്രം പിടികൂടുന്ന സംഭവങ്ങളില്‍ പ്രതികളെ രക്ഷിക്കാന്‍ ഒരു കിലോയില്‍ താഴെ മാത്രം കഞ്ചാവിന്റെ അളവു രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുന്നതും പതിവാണ്. നിയമത്തിലെ പഴുത് ഉപയോഗിച്ച് പിഴയൊടുക്കി പ്രതികള്‍ രക്ഷപ്പെടുന്നു.

പിടിയിലായവരില്‍ നിന്നു പണം കൈപ്പറ്റിയ ശേഷം കേസെടുക്കില്ലെന്നു പറഞ്ഞ് സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് ചെയ്ത സംഭവങ്ങളുമുണ്ട്. കോഴിമല, വാഗമണ്‍ എന്നിവിടങ്ങളിലാണ് ഇത്തരം സംഭവങ്ങളുായത്. എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ് പര്യടനം നടത്തി പരിശോധന ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും കള്ളന്‍ കപ്പലില്‍ തന്നെയെന്ന് അദ്ദേഹം അറിഞ്ഞിട്ടില്ല.

Related posts