വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്ക് ആസ്ഥാനത്തിന് വലിയ നാണക്കേട് സമ്മാനിച്ച് താലൂക്ക് എംപ്ലോയ്‌മെന്റ് ഓഫീസ്. വടക്കാഞ്ചേരി ടൗണിലാണ് ഓഫീസിന്റെ പ്രവര്‍ത്തനമെങ്കിലും തൊഴിലന്വേഷകര്‍ക്ക് കൊടിയ ദുരിതം മാത്രമാണ് കൂട്ട്. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് പ്രതിദിനം നൂറുക്കണക്കിനുപേര്‍ എത്തുന്ന ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികളിലേക്ക് താല്‍ക്കാലികമായി നിയമനം നടത്തുന്നത് നിര്‍ത്തിവച്ചിരുന്നു.
എന്നാല്‍, തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ താല്‍ക്കാലിക നിയമനത്തിന് എംപ്ലോയ്‌മെന്റ് ഓഫീസില്‍നിന്നും ഉദ്യോഗാര്‍ഥികള്‍ക്ക് കാര്‍ഡ് അയച്ചുതുടങ്ങിയതിനാല്‍ ദിനംപ്രതി നൂറുകണക്കിന് പേരാണ് ഓഫീസില്‍ എത്തുന്നത്. കൂടാതെ തൊഴില്‍കാര്‍ഡ് പുതുക്കുന്നതിനും മറ്റു ആവശ്യങ്ങള്‍ക്കും ജനങ്ങള്‍ എത്തുന്നുണ്ട്. ഓഫീസിനുള്ളിലാണെങ്കില്‍ ഇടുങ്ങിയ മുറികളും ആവശ്യത്തിന് വെളിച്ചുംപോലുമില്ലാത്ത റൂമില്‍ ഇരുന്ന് നരകിക്കാനാണ് കുട്ടികളുടെ വിധി.
ഓഫീസ് ജീവനക്കാര്‍ അനുഭവിക്കുന്ന ദുരിതവും ചില്ലറയല്ല. ഓഫീസ് ഫയലുകള്‍ സൂക്ഷിക്കാനും ജോലി ചെയ്യാനും പാടുപെടുകയാണ് ഉദ്യോഗസ്ഥര്‍. ഇതിനെതിരെ നിരവധി തവണ പരാതികള്‍ ഉന്നയിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്. എന്നാല്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് പോലീസ് സ്‌റ്റേഷനുമുന്നില്‍ പുതുതായി പണിതീര്‍ത്ത സര്‍ക്കാര്‍ കെട്ടിട ഓഫീസ് സമുച്ചയത്തില്‍ 1400 സ്ക്വയര്‍ ഫീറ്റ് സ്ഥലം അനുവദിച്ചെങ്കിലും ഈ സ്ഥലം എംപ്ലോയ്‌മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തീര്‍ത്തും അപര്യാപ്തമാണെന്നാണ് ജീവനക്കാര്‍ പറയുന്നത്.
കൂടാതെ അനുവദിച്ച കെട്ടിടത്തില്‍ ഓഫീസിന് ആവശ്യമായ ഫര്‍ണിച്ചര്‍ വര്‍ക്കുകളും കുടിവെള്ള സൗകര്യവും ഇല്ലെന്നുപറയുന്നു. നിലവില്‍ 1700 സ്ക്വയര്‍ഫീറ്റുള്ള കെട്ടിടത്തിലാണ് ഓഫീസിന്റെ പ്രവര്‍ത്തനം. എന്നിട്ടും നിന്ന് തിരിയാന്‍പോലും സ്ഥലമില്ലാത്ത അവസ്ഥാണുള്ളത്. ഇതിനിടയില്‍ ഒരു മഴയുംകൂടി പെയ്താല്‍ കാര്യം കുശാലായി.