വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണം: അധ്യാപകനും വിദ്യാര്‍ഥികളും പിടിയില്‍

alp-ARRESTചെര്‍പ്പുളശേരി: പലര്‍ക്കുമായി വ്യാജ സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചു നല്‍കുന്ന പാരലല്‍ കോളജ് അധ്യാപകനും രണ്ടു വിദ്യാര്‍ഥികളും പോലീസ് പിടിയില്‍.  പെരിന്തല്‍മണ്ണ കുന്നക്കാവ് സ്വദേശി കോലോത്തൊടി മുഹമ്മദ് അബ്ദുല്‍ മുബിന്‍ (27), രണ്ടാംവര്‍ഷ ബിഎ വിദ്യാര്‍ഥികളായ ചെര്‍പ്പുളശേരി സ്വദേശി കളിയാട് വീട്ടില്‍ അര്‍ഫാസ് (20), നെല്ലായ വടക്കേവീട്ടില്‍ വിജീഷ് (19) എന്നിവരെയാണ് ചെര്‍പ്പുളശേരി പോലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞദിവസം വാഹന പരിശോധന നടത്തുന്നതിനിടെ ചെര്‍പ്പുളശേരി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ലിബിയും സംഘവും മാരുതി കാറില്‍ സഞ്ചരിച്ചിരുന്ന വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് വാഹനം കസ്റ്റഡിയിലെടുത്ത് വിശദമായി പരിശോധന നടത്തിയപ്പോഴാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയത്. ഒരേ പേരിലും രജിസ്റ്റര്‍ നമ്പറിലും ഉള്ള വ്യത്യസ്ത ഫോട്ടോ പതിച്ച പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍ പോലീസ് ഇവരില്‍നിന്നും പിടിച്ചെടുത്തു.

ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ ചെര്‍പ്പുളശേരി ഐഡിയല്‍ കോളജിലെ അധ്യാപകനായ മുഹമ്മദ് അബ്ദുല്‍ മുബിന്‍ എന്നയാള്‍ വഴി വ്യാജമായി നിര്‍മിച്ചതാണെന്ന് ഇവര്‍ പോലീസിനു മൊഴി നല്‍കി. മുബിനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ നൂറുകണക്കിനു വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചുനല്കിയതായി സമ്മതിച്ചു. ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്റ്റഡീസ്, മഹാരാഷ്ട്ര ബോര്‍ഡ് എന്ന സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളാണ് മുബിന്‍ നിര്‍മിച്ചുനല്‍കിയിരുന്നത്.

മഹാരാഷ്ട്ര ബോര്‍ഡിനു കേരളത്തില്‍ അംഗീകൃത സെന്ററില്ലെന്നു പോലീസിനു പ്രാഥമികാന്വേഷണത്തില്‍ ബോധ്യപ്പെട്ടു. വിദ്യാര്‍ത്ഥികളില്‍നിന്നും ഓരോ സര്‍ട്ടിഫിക്കറ്റിനും 15,000 മുതല്‍ 28,000 വരെ ഈടാക്കിയിരുന്നതായി മുബിന്‍ പോലീസിനോടു പറഞ്ഞു. വല്ലപ്പുഴയിലെ എലൈറ്റ് എന്ന സ്ഥാപനം നടത്തിവരികയായിരുന്ന മുബിന്‍ ഈ സ്ഥാപനത്തിലാണ് പരീക്ഷ നടത്തിയിരുന്നത്. ചോദ്യപേപ്പറും ഉത്തരവും ഉത്തരക്കടലാസും വിദ്യാര്‍ഥികള്‍ക്കു നല്കിയാണ് പരീക്ഷ നടത്തിയിരുന്നത്.

ചെര്‍പ്പുളശേരി പോലീസ് സ്റ്റേഷനില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സിഐ ദീപകുമാര്‍, എസ്‌ഐ ലിബി, എഎസ്‌ഐ ജമാലുദീന്‍, കോണ്‍സ്റ്റബിള്‍മാരായ സുജൈ ബാബു, ഗിരീഷ് എന്നിവര്‍ പങ്കെടുത്തു. എസ്‌ഐ ലിബി, എഎസ്‌ഐ ജമാലുദ്ദീന്‍, കോണ്‍സ്റ്റബിള്‍ ഗിരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Related posts