തിരുവനന്തപുരം: കേരളത്തിലെ ഇടതു സര്‍ക്കാർ തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതാവും ലോക്സഭാ തെരഞ്ഞെടുപ്പെന്ന് മുതിർന്ന സിപിഎം നേതാവ് എസ്. രാമചന്ദ്രൻ പിള്ള.
ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സര്‍ക്കാരാണ് കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വരുന്നതെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെ സുഗമമായി തുടരാന്‍ അനുവദിക്കില്ല. യുഡിഎഫ് സംവിധാനം മുഴുവന്‍ എല്‍ഡിഎഫിന് എതിരാണ്. അതുകൊണ്ട് കേരളത്തില്‍ ഇടതുപക്ഷം വിജയിച്ചാല്‍ മാത്രമേ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സുഗമമായ തുടര്‍ച്ച സാധ്യമാകൂവെന്ന് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞു.
ബിജെപി രാഷ്ട്രീയ നേട്ടങ്ങൾക്കായി കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണ്. അവ രാഷ്ട്രീയ പ്രചാരകരെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. മതേതരമൂല്യങ്ങൾ സംരക്ഷിക്കപ്പെടാൻ ബിജെപിയുടെ തോൽവി ആവശ്യമാണ്.
സിഎഎയ്ക്കെതിരായ പ്രചാരണത്തിന്റെ പ്രസക്തി അവിടെയാണ്. കേന്ദ്ര സര്‍ക്കാരിന്റെ കേരള വിരുദ്ധ സമീപനം ഇടതുമുന്നണി തെരഞ്ഞെടുപ്പില്‍ ജനങ്ങളോട് വിശദീകരിക്കും. നിരവധി ക്ഷേമ പ്രവർത്തനങ്ങൾക്ക് ഇടതു മുന്നണി സർക്കാർ കേരളത്തിൽ തുടക്കമിട്ടുണ്ട്. ആ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകണമോയെന്ന് തെരഞ്ഞെടുപ്പിൽ തീരുമാനിക്കപ്പെടും.