കടുത്തുരുത്തി: കുടുംബശ്രീ അംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു; കാടും പള്ളയും മൂടിക്കിടന്ന തരിശുസ്ഥലത്ത് പച്ചക്കറിക്കൃഷിയൊരുങ്ങുന്നു. കടുത്തുരുത്തി പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡിലെ ലക്ഷ്മി കുടുംബശ്രീയാണ് രണ്ടരയേക്കര്‍ സ്ഥലത്ത് ജൈവപച്ചക്കറി കൃഷി ആരംഭിച്ചത്. 17 അംഗങ്ങളുള്ള കുടുംബശ്രീയിലെ എട്ടു പേരാണ് കൃഷിക്കു മേല്‍നോട്ടം വഹിക്കുന്നത്. തരിശ് ഭൂമി തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തിയാണ് കൃഷി യോഗ്യമാക്കിയത്. കാട്ടുപുതുശേരി ജോയിയാണ് കൃഷിക്കായി പാട്ടത്തിനു സ്ഥലം നല്‍കിയത്. കൃഷിക്കാവിശ്യമായ വെള്ളം ലഭിക്കുന്നതിന് ഇവിടെ കുളവും നിര്‍മിച്ചു. 32 തൊഴിലാളികളാണു തൊഴിലുറപ്പ് പണികളില്‍ പങ്കെടുത്തത്.
കപ്പ, ബീന്‍സ്, വെണ്ട, പയര്‍, വഴുതന, തക്കാളി, ചീര, പച്ചമുളക്, കാബേജ്, ചോളം, മഞ്ഞള്‍ എന്നിവയെല്ലാം കൃഷി ചെയ്തിട്ടുണ്ട്. മുമ്പ് ചെറിയ രീതിയില്‍ കുടുംബശ്രീയംഗങ്ങള്‍ ഇവിടെ കൃഷി ചെയ്തിരുന്നു. മികച്ച വിളവു ലഭിച്ചതിനാല്‍ കൃഷി വിപുലപ്പെടുത്താനുള്ള ആഗ്രഹം സ്ഥലം ഉടമയെ അറിയിച്ചപ്പോള്‍ കൂടുതല്‍ സ്ഥലം കൃഷിക്കായി വിട്ടു നല്‍കുകയായിരുന്നു. പണികള്‍ കാണുന്നതിനു പഞ്ചായത്ത് അംഗങ്ങളും എത്തിയിരുന്നു.
കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള പച്ചക്കറികൃഷിയുടെ ആരംഭത്തോടുനുബന്ധിച്ചു നടന്ന യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ആല്‍ബര്‍ട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങള്‍, കുടുംബശ്രീ ചാര്‍ജ് ഓഫീസര്‍ ഒ.എം. മത്തായി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാധാമണി പ്രസാദ്, പഞ്ചായത്ത് ജീവനക്കാര്‍, സിഡിഎസ്, എഡിഎസ് പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുത്തു.