വിജിലന്‍സ് പരിശോധന: ആലപ്പുഴ ജില്ലയില്‍ റേഷന്‍ കടകളടച്ച് വ്യാപാരികളുടെ പ്രതിഷേധം

KNR-RATIONആലപ്പുഴ: റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ അര്‍ഹരായവരുടെ കൈകളിലെത്തുന്നുണ്ടോയെന്നറിയാന്‍ പോലീസ് വിജിലന്‍സ് വിഭാഗം റേഷന്‍ കടകളില്‍ പരിശോധന നടത്തുന്നതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ റേഷന്‍ കടകളടച്ച് വ്യാപാരികളുടെ പ്രതിഷേധം. റേഷന്‍ വ്യാപാരി സംയുക്ത സമരസമിതി നേതൃത്വത്തിലാണ് കടകള്‍ അടച്ചിട്ടിരിക്കുന്നത്. വിജിലന്‍സ് പരിശോധന നിര്‍ത്തിവച്ചില്ലായെങ്കില്‍ സമരം ശക്തമാക്കാനാണ് വ്യാപാരികളൊരുങ്ങുന്നത്. ഇന്നലെ ജില്ലയിലെ കഞ്ഞിക്കുഴി, കുത്തിയതോട് ഭാഗങ്ങളിലെ രണ്ട് റേഷന്‍ കടകളിലാണ് പോലീസ് വിജിലന്‍സ് പരിശോധന നടത്തിയത്.

ഈ കടകള്‍ക്ക് കീഴിലെ കാര്‍ഡ് ഉടമകളുടെ വീടുകളിലെത്തിയും പരിശോധന നടത്തിയിരുന്നു. ബെനിഫിറ്റ് ട്രാക്കിംഗ് ഓഡിറ്റെന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന പരിശോധന അഞ്ച് മാസം നീളുന്ന തരത്തിലാണ് വിജിലന്‍സ് നടത്താനൊരുങ്ങുന്നത്. ഇതിന്റെ ആദ്യഘട്ടമായി ചേര്‍ത്തല താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിലുള്ള റേഷന്‍ കടകളിലാണ് പരിശോധനകളാരംഭിച്ചത്. വരുംദിവസങ്ങളില്‍ മറ്റു താലൂക്ക് സപ്ലൈ ഓഫീസുകളുടെ പരിധിയിലുള്ള റേഷന്‍ കടകളിലും കാര്‍ഡുടമകളുടെ വീടുകളിലും പരിശോധനകളുണ്ടാകും. റേഷന്‍ കടകളിലെ രേഖകളില്‍ കാണിച്ചിട്ടുള്ള അളവും കാര്‍ഡ് ഉടമയ്ക്ക് ലഭിച്ചിട്ടുള്ള ഭക്ഷ്യധാന്യത്തിന്റെ അളവും തമ്മിലുള്ള അന്തരമാണ് പ്രധാനമായും പരിശോധിക്കുന്നത്.

റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ അര്‍ഹരായവര്‍ക്ക് ലഭിക്കുന്നില്ലെന്ന് വ്യാപക പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് നടപടി ആരംഭിച്ചിരിക്കുന്നത്. വിജിലന്‍സ് പരിശോധനയില്‍ ഇത്തരം ക്രമക്കേടുകള്‍ കണ്ടെത്തിയതായാണ് സൂചന. അതേസമയം പരിശോധനയില്‍ പ്രതിഷേധിച്ച് ചേര്‍ത്തല താലൂക്കിലെ റേഷന്‍ കടകള്‍ ഇന്നലെ അടച്ചിട്ടിരുന്നു. വ്യാപാരികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും നടന്നു. ഇന്ന് വ്യാപാരികളുടെ നേതൃത്വത്തില്‍ വിജിലന്‍സ് പരിശോധനയില്‍ പ്രതിഷേധിച്ച് ആലപ്പുഴ മിനി സ്റ്റേഷനിലേക്ക് മാര്‍ച്ച്ും സംഘടിപ്പിച്ചിട്ടുണ്ട്.

Related posts