പെരുമ്പാവൂര്‍: മാലിന്യം കുമിഞ്ഞുകൂടിയതിനെ തുടര്‍ന്ന് കൂവപ്പടി പഞ്ചായത്തിലെ അണക്കോലിത്തുറ ജലവിതരണ പദ്ധതി ഉപേക്ഷിച്ചു. പഞ്ചായത്തിലെ ജനങ്ങളുടേയും സമീപ പഞ്ചായത്തായ ഒക്കലിലെ ജനങ്ങളുടേയും പ്രധാന ജലവിതരണ പദ്ധതിയാണ് ഉപേക്ഷിച്ചത്. രണ്ടര ഏക്കര്‍ വിസ്തൃതിയുള്ള തുറ ഇരുപഞ്ചായത്തിന്റെയും ഏക കുടിവെള്ള സ്രോതസു കൂടിയാണ്.
സമീപ പ്രദേശങ്ങളിലെ കമ്പനികളില്‍ നിന്നു തള്ളുന്ന മാലിന്യമാണ് തോടിന്റെ നാശത്തിനു കാരണമായത്. 10 വര്‍ഷം മുമ്പ് പ്രദേശവാസികള്‍ എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്ന തുറയില്‍ ഇപ്പോള്‍ കാല് കഴുകിയാല്‍ ചൊറിച്ചില്‍ അനുഭവപ്പെടുമെന്ന് നാട്ടുകാര്‍ പറയുന്നു. മാലിന്യം കുന്നുകൂടിയതിനെ തുടര്‍ന്ന് ഒക്കല്‍ പഞ്ചായത്തിലെ കുന്നേക്കാട്ടുമലയിലെ ജല അഥോറിറ്റിയുടെ കുടിവെള്ള പദ്ധതിയും കൂവപ്പടി പഞ്ചായത്തിലെ മാവേലിപടി കൊല്ലംപടിയില്‍ സ്ഥാപിച്ച ജലധാര പദ്ധതിയുമാണ് നിലച്ചത്. ആഫ്രിക്കന്‍പായലും വള്ളിപായലും നിറഞ്ഞ് തുറയില്‍ നീരൊഴുക്കും ഇല്ലാതായി.
തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തി ആദ്യ കാലങ്ങളില്‍ തുറ ശുചീകരിച്ചിരുന്നു. വെള്ളത്തില്‍ ഇറങ്ങുന്ന തൊഴിലാളികള്‍ക്ക് ചൊറിച്ചിലും ത്വക്ക് രോഗവും ബാധിച്ചതോടെ ശുചീകരണവും മുടങ്ങി. തുറയുടെയും തോടിന്റെയും സംരക്ഷണം ആവശ്യപ്പെട്ട് മാവേലിപ്പടി, വല്ലം പ്രദേശവാസികള്‍ നിരവധി സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തിയെങ്കിലും ഇതുവരെയും ഫലം കണ്ടില്ല. മാലിന്യം കുമിഞ്ഞുകൂടിയതോടെ തോടിനു സമീപമുള്ള കിണറുകളും ഉപയോഗശൂന്യമായി. തുറയുടേയും തോടിന്റെയും സംരക്ഷണത്തിനും തുറ ശുചീകരിക്കുന്നതിനും 50 ലക്ഷം രുപയുടെ പദ്ധതിക്കായി നബാഡിന് സമര്പ്പിച്ചിട്ടുണെ്ടന്ന് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയര്മാന് മനോജ് മൂത്തേടന് പറഞ്ഞു.