മാലിന്യം തോട്ടിലേക്ക്; രണ്ട് സ്ഥാപനങ്ങള്‍ പൂട്ടാന്‍ നിര്‍ദേശം

kkd-malinyamthoduപേരാമ്പ്ര: ബസ് സ്റ്റാന്‍ഡിനു സമീപത്തെ ഹോട്ടലിലേയും ബേക്കറി ആന്‍ഡ് കൂള്‍ബാറിലേയും കക്കൂസ് മാലിന്യമുള്‍പ്പെടെയുള്ളവ സമീപത്തെ മരക്കാടി തോട്ടിലേക്ക് ഒഴുക്കിവിടുന്നു.  മാലിന്യങ്ങള്‍ എളമാരന്‍ കുളങ്ങര ക്ഷേത്ര കുളത്തിലേക്ക് ഒഴുകുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധന നടത്തി.

ഇരു സ്ഥാപനങ്ങളും അടച്ച് പൂട്ടാന്‍ പഞ്ചായത്തിന് നിര്‍ദേശം നല്‍കി. സ്ഥാപനങ്ങള്‍ക്ക് മലിനജലം ഒഴുക്കിവിടാന്‍ സൗകര്യമില്ല. കക്കൂസിനു ടാങ്കുമില്ല. പകരം തോട്ടിലേക്ക് പൈപ്പ് സ്ഥാപിച്ച നിലയിലാണ്. തോട്ടില്‍ വെള്ളം കുറവായതിനാല്‍ മാലിന്യം കെട്ടിനിന്ന് കൊതുകുകള്‍ പെരുകുന്നതായും ദുര്‍ഗന്ധം വമിക്കുന്നതായും പരാതിയുയര്‍ന്നിരുന്നു. തോട് കുറേ ഭാഗം സ്ലാബിട്ട് മൂടിയതിനാല്‍ മാലിന്യം ഒഴുക്കിവിടുന്നത് പെട്ടെന്ന് ശ്രദ്ധയില്‍പ്പെടില്ല.

പരിസരത്തെ പല കടകളിലേയും മാലിന്യം ഈ തോട്ടിലേക്കു തള്ളുകയാണ്. ആരോഗ്യ വകുപ്പധികൃതര്‍ നിരവധി തവണ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.  ഗ്രാമപഞ്ചായത്തധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയുമുണ്ട്.   ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഇ.എം. ശശീന്ദ്രകുമാര്‍, എന്‍.ടി. ജിതേഷ്, എ.സി. അരവിന്ദന്‍, എന്‍.എം. ഷാജി എന്നിവരാണ് പരിശോധന നടത്തിയത്.

Related posts