റെനീഷ് മാത്യു
കണ്ണൂര്: കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റിയതിലെ അതൃപ്തി തുറന്നു പറഞ്ഞ് കെ. സുധാകരൻ. കണ്ണൂരിൽ മാധ്യമങ്ങൾക്ക് നല്കിയ അഭിമുഖത്തിലാണ് കോൺഗ്രസിനെതിരേ തുറന്നടിച്ചത്. അധ്യക്ഷസ്ഥാനത്തുനിന്ന് മാറണമെന്ന് താൻ ആഗ്രഹിച്ചിട്ടില്ലെന്നും ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. നേരത്തെ അറിയിക്കാതെയുള്ള തീരുമാനം മാനസിക പ്രയാസമുണ്ടാക്കി.
രാഹുലും ഖാർഗെയുമായുള്ള കൂടിക്കാഴ്ചയിൽ നേതൃമാറ്റം ചർച്ചയായില്ല. നേതൃമാറ്റ തീരുമാനത്തിന് പിന്നിൽ മറ്റാരുടെയൊക്കെയോ വക്രബുദ്ധിയാണ്.മാറ്റിയതിനു പിന്നിൽ ചില നേതാക്കളും അവരുടെ സ്വാധീനവും ചർച്ചയും നടന്നുകാണും. മാറിയപ്പോൾ എനിക്ക് പ്രശ്നമൊന്നുമില്ല. കൂളായി എടുത്തു. എനിക്ക് ബോധക്ഷയമൊന്നും വന്നില്ല.
എന്തുകൊണ്ട് മാറ്റി എന്ന് ചോദിക്കാൻ പോയിട്ടില്ല. പറയാൻ അവർ വന്നിട്ടുമില്ല. തന്നെ മാറ്റാൻ ആഗ്രഹിച്ച ഒരു വിഭാഗം ഉണ്ടായിരുന്നുവെന്ന് എനിക്കിപ്പോൾ മനസിലായി. തന്നെ മാറ്റിയത് പാർട്ടിക്ക് ഗുണമായോ ദോഷമായോ എന്ന് വിലയിരുത്തേണ്ടത് പാർട്ടിയിലെ മറ്റു നേതാക്കളും പൊതുജനങ്ങളുമാണ്.
കെപിസിസി നേതൃസ്ഥാനത്തുനിന്ന് എന്നെ മാറ്റില്ല എന്നാണ് ധരിച്ചത്. അതുകൊണ്ടാണ് നേതൃമാറ്റം ഇല്ലെന്ന് അന്നു മാധ്യമങ്ങളോട് പറഞ്ഞത്. തന്നെ മാറ്റണമെന്ന് നിർബന്ധം പിടിച്ചത് ദീപ ദാസ് മുൻഷിയാണ്. തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് അവർ റിപ്പോർട്ട് നൽകി. ദീപാ ദാസ് മുൻഷി ആരുടെയോ കൈയിലെ കളിപ്പാവയാണെന്നും സുധാകരന് പറഞ്ഞു.
സണ്ണി ജോസഫ് തന്റെ നോമിനി അല്ല. സണ്ണിയെ കോൺഗ്രസിൽ ഉയർത്തിക്കൊണ്ടുവന്നത് താനാണ്. തന്നെ അനുനയിപ്പിക്കാനല്ല സണ്ണിയെ പ്രസിഡന്റാക്കിയത്. കെപിസിസി പ്രസിഡന്റിനെ മാറ്റുമ്പോൾ പ്രതിപക്ഷ നേതാവിനെ കൂടി മാറ്റുകയാണ് പതിവ്. എന്നാൽ അത് ഉണ്ടായില്ല. തനിക്ക് അങ്ങനെയൊരു ആവശ്യമില്ലെന്നും സുധാകരൻ പറഞ്ഞു.
പാർട്ടി ആവശ്യപ്പെട്ടാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇനിയും മത്സരിക്കും. പുതിയ വർക്കിംഗ് പ്രസിഡന്റുമാര് കഴിവുള്ളവരാണ്. അതുപോലൊരു ടീം തനിക്ക് ഉണ്ടായിരുന്നെങ്കിൽ കുറേക്കൂടി റിസൾട്ട് ഉണ്ടാക്കാൻ കഴിയുമായിരുന്നെന്നും കെ.സുധാകരൻ പറഞ്ഞു. തന്റെ കാലയളവിൽ നേതാക്കൾ സഹകരിച്ചില്ലെന്നും സുധാകരൻ പറഞ്ഞു.
കോൺഗ്രസ് നേതൃത്വം വെട്ടിൽ
കണ്ണൂർ: മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ പ്രതികരണം കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കി. കെ. സുധാകരന്റെ സമ്മതത്തോടെയാണ് കെപിസിസി നേതൃമാറ്റം നടന്നതെന്നായിരുന്നു കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും വിശദീകരണം. എന്നാൽ, തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് തന്നെ നേതൃസ്ഥാനത്തുനിന്നും മാറ്റിയതെന്നുള്ള സുധാകരന്റെ പ്രതികരണമാണ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്.
തന്നെ മാറ്റുന്പോൾ പ്രതിപക്ഷ നേതാവിനെയും മാറ്റണമെന്നുള്ള സുധാകരന്റെ പ്രസ്താവന വി.ഡി. സതീശനെയും വെട്ടിലാക്കി. ദീപാ ദാസ് മുൻഷിക്കെതിരേയുള്ള പരാമർശം ലക്ഷ്യമിടുന്നത് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയുമാണ്. കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് ചുമതലയേറ്റ ചടങ്ങിൽ നേതൃമാറ്റത്തിനെതിരേ കെ. മുരളീധരനും കൊടിക്കുന്നിൽ സുരേഷും രംഗത്ത് വന്നിരുന്നു.
സംസ്ഥാന രാഷ്ട്രീയത്തിൽ തിളങ്ങിനിന്ന ഒരാളെ ദേശീയ നേതൃത്വത്തിലേക്ക് മാറ്റിയതിൽ കോൺഗ്രസിലെ ചില വിഭാഗങ്ങൾക്കിടയിൽ പ്രതിഷേധമുണ്ട്.നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നേതൃമാറ്റം മതിയായിരുന്നുവെന്നും മുതിർന്ന കോൺഗ്രസ് നേതാക്കൾ പറയുന്നു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് നാളെ കണ്ണൂരിൽ സ്വീകരണം നല്കാനിരിക്കെയാണ് സുധാകരൻ തന്നെ മാറ്റിയതിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചതും.