2024ൽ ആഗോളസമുദ്രനിരപ്പിന്റെ ഉയർച്ച പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നുവെന്ന് യുഎസ് ബഹിരാകാശ ഏജൻസി നാസ. 0.59 സെന്റിമീറ്റർ (0.23 ഇഞ്ച്) വർധനയാണുണ്ടായത്. 0.43 സെന്റിമീറ്റർ (0.17 ഇഞ്ച്) ആയിരുന്നു സമുദ്രനിരപ്പിൽ പ്രതീക്ഷിച്ച വർധന.
കടൽ ത്വരിതഗതിയിൽ ഉയരുന്നതു തുടരുകയാണെന്നു നാസ സമുദ്രശാസ്ത്രജ്ഞൻ ജോഷ് വില്ലിസ് പറഞ്ഞു. ഓരോ വർഷവും സമുദ്രനിരപ്പ് ഉയരുന്നുണ്ട്. എന്നാൽ, ഉയർച്ചയുടെ നിരക്ക് വേഗത്തിൽ സംഭവിക്കുകയാണെന്നും ഗവേഷകർ പറയുന്നു.
സമീപ വർഷങ്ങളിൽ, സമുദ്രനിരപ്പ് ഉയരുന്നതിന്റെ മൂന്നിൽ രണ്ടു ഭാഗവും ഹിമാനികൾ (കരയിലെ മഞ്ഞുപാടങ്ങൾ) ഉരുകുന്നതിലൂടെ സംഭവിച്ചതാണ്. മൂന്നിലൊരു ഭാഗം സമുദ്രജലത്തിന്റെ താപവികാസത്തിൽനിന്നാണ്. എന്നാൽ 2024 ൽ സംഭവിച്ചത് മറിച്ചാണ്. ജലനിരപ്പ് ഉയർന്നതിന്റെ മൂന്നിൽ രണ്ടു ഭാഗവും താപവികാസത്തിൽനിന്നാണെന്നു ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ചൂടേറിയ വർഷമായിരുന്നു 2024. ഇക്കാരണത്താലാണ് ജലനിരപ്പ് പ്രതീക്ഷിച്ചതിലും ഉയർന്നത്. 1993 മുതൽ ഇതുവരെ ആഗോള സമുദ്രനിരപ്പ് 10 സെന്റിമീറ്റർ വർധിച്ചു. സമുദ്രനിരപ്പ് ഉയരുന്നത് വൻ പ്രത്യാഘാതങ്ങൾക്കു വഴിവയ്ക്കുമെന്നും ഗവേഷകർ മുന്നറിയിപ്പുനൽകുന്നു.