ബംഗളൂരു: ബോസിന്റെ ഒന്നരക്കോടി രൂപ തട്ടിയെടുത്ത കാർ ഡ്രൈവറെ പിടികൂടി ചോദ്യം ചെയ്തപ്പോൾ ക്ഷേത്രങ്ങളില്‍ കാണിക്ക ഇടാനാണു പണം മോഷ്ടിച്ചതെന്നു വിചിത്രമൊഴി. ബംഗളൂരുവിലെ കൊദന്തരാമപുരയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ കാർ ഡ്രൈവറായ ബി.എന്‍. രാജേഷാണ് വൻ തുക കവർന്നതിനു പിടിയിലായത്.
പത്തു വർഷമായി സിഎക്കാരനൊപ്പമുള്ള ഡ്രൈവറാണു രാജേഷ്. കഴിഞ്ഞ മേയ് അഞ്ചിന് 1.51 കോടി രൂപ ബാഗിലാക്കി കാര്‍ ഡ്രൈവറെ അദ്ദേഹം ഏല്‍പ്പിച്ചു. പണം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാനുള്ളതാണെന്നും കാറില്‍ കൊണ്ടുപോയി വയ്ക്കാനും നിർദേശിച്ചു. എന്നാല്‍, ബാങ്കിലേക്ക് പോകാനായി എത്തിയപ്പോൾ കാർ സഹിതം ഡ്രൈവറെ കാണാനില്ലായിരുന്നു.
പണവുമായി മുങ്ങിയതാണെന്നു വ്യക്തമായതോടെ പോലീസില്‍ പരാതി നല്കി. താമസിയാതെത്തന്നെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണു പണത്തിലേറെയും കാണിക്കയിട്ടതായി പ്രതി മൊഴി നൽകിയത്.
ഒരു ലക്ഷം രൂപയോളം വീട്ടാവശ്യങ്ങൾക്കായി ചെലവഴിച്ചെന്നും അയാൾ പറഞ്ഞു. ഒന്നരക്കോടിയിൽ കുറെ പണം കണ്ടെടുക്കാനായെന്നാണു റിപ്പോർട്ട്. ക്ഷേത്രങ്ങളിൽ കാണിക്ക ഇട്ട പണം തിരിച്ചെടുക്കാന്‍ കഴിയില്ലെന്നു പോലീസ് വ്യക്തമാക്കിയതായും റിപ്പോർട്ടുകളിൽ പറയുന്നു.