ബിൽബാവോ: യൂറോപ്പ ലീഗ് ഫുട്ബോൾ ഫൈനലിൽ ഇന്ന് ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡും ടോട്ടൻഹാമും ഏറ്റുമുട്ടും. ജയിക്കുന്നവർക്ക് ഈ പ്രീമിയർ ലീഗ് സീസണിലേറ്റ നാണക്കേടുകളിൽനിന്ന് താത്കാലിക ആശ്വാസവും ഒപ്പം ചാന്പ്യൻസ് ലീഗ് യോഗ്യതയും ലഭിക്കും. പരാജയമാണെങ്കിൽ അടുത്ത സീസണിൽ യൂറോപ്യൻ ഫുട്ബോൾ ലീഗുകളിൽ അവസരം ലഭിക്കില്ല. ആഭ്യന്തര ഫുട്ബോൾ ലീഗുകളിൽ മോശമായെങ്കിലും ഒരു തോൽവി പോലും അറിയാതെയാണ് യുണൈറ്റഡ് യൂറോപ്പയുടെ ഫൈനൽ വരെയെത്തിയത്.
ബിൽബാവോയിലെ എസ്റ്റാഡിയോ ഡി സാൻ മാമെസിലാണ് പോരാട്ടം. പ്രീമിയർ ലീഗിലെ ആധിപത്യവും യൂറോപ്യൻ ഫുട്ബോളിൽ പതിവായി വെല്ലുവിളിക്കുകയും ചെയ്യുന്ന യുണൈറ്റഡിന്റെ ചെയ്ത കാലം കഴിഞ്ഞിരിക്കുകയാണ്. പ്രീമിയർ ലീഗ് കിരീടം നേടിയിട്ട് 12 വർഷമായി. 2013ൽ മുൻ പരിശീലകൻ അലക്സ് ഫെർഗൂസന്റെ കീഴിലാണ് അവസാനമായി യുണൈറ്റഡ് പ്രീമിയർ ലീഗ് ജേതാക്കളായത്.
ഈ സീസണിൽ 20 സ്ഥാനങ്ങളിൽ 16-ാമതായി മോശം നിലയിലാണ്. 1992ൽ പ്രീമിയർ ലീഗ് സ്ഥാപിതമായശേഷം ഒരു സീസണിൽ 18 തോൽവികളെന്ന നാണകെട്ട ക്ലബ് റിക്കാർഡിലുമെത്തി. ഈ കാലഘട്ടത്തിലെ ഏറ്റവും മോശം പോയിന്റും ഏറ്റവും ഫിനിഷിംഗും രേഖപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല.
യുണൈറ്റഡിനെക്കാൾ ഒരു സ്ഥാനം താഴെയാണ് ടോട്ടൻഹാം. 21 എണ്ണത്തിൽ തോറ്റു. ആധുനിക കാലത്തെ ക്ലബ് റിക്കാർഡാണിത്. 2008ൽ ഇംഗ്ലീഷ് ലീഗ് കപ്പ് നേടിയശേഷമൊരു ട്രോഫിയാണ് ടോട്ടൻഹാമിന്റെ ലക്ഷ്യം. നവംബറിൽ എറിക് ടെൻ ഹാഗിനു പകരമാണ് റൂബൻ അമോറിമിനെ യുണൈറ്റഡിന്റെ പരിശീലകനായി നിയമിച്ചത്. അമോറിമിന് ടീമിനെ ഫോമിലേക്കുയർത്താനായില്ല. 26 ലീഗ് മത്സരങ്ങളിലിൽ 14ലും തോറ്റു.