ഗോഹട്ടി: രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽനിന്ന് ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കി. കഴുത്തിന് പരിക്കേറ്റ് വിശ്രമത്തിലുള്ള ഗിൽ കൂടുതൽ പരിശോധനകൾക്കും ചികിത്സയ്ക്കുമായി സ്പെഷ്യലിസ്റ്റിനെ സമീപിക്കാൻ വെള്ളിയാഴ്ച രാവിലെ മുംബൈയിലേക്ക് മടങ്ങി.
ഗിൽ വ്യാഴാഴ്ച ടീമിനൊപ്പം പരിശീലനം നടത്തിയിരുന്നില്ല. ഫിറ്റ്നസ് തെളിയിക്കുന്നതിനായി വെള്ളിയാഴ്ച അന്തിമ ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയനാകേണ്ടതായിരുന്നു. എന്നാൽ ബിസിസിഐ മെഡിക്കൽ ടീം റിസ്ക് എടുക്കരുതെന്ന് നിർദേശിച്ചതിനാൽ അദ്ദേഹം ഫിറ്റ്നസ് പരിശോധനയിൽ നിന്ന് പിന്മാറി. ഗില്ലിന്റെ അഭാവത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ടീമിനെ ഋഷഭ് പന്ത് നയിക്കും.
ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയതിന് പിന്നാലെയാണ് ഗില്ലിന് കഴുത്തുവേദന അനുഭവപ്പെട്ടത്. വെറും മൂന്ന് പന്ത് മാത്രമാണ് താരം നേരിട്ടത്. പിന്നീട് സ്കാനിംഗ് അടക്കമുള്ള പരിശോധനകൾക്ക് വിധേയനായ ഗില്ലിന് വീണ്ടും ബാറ്റിംഗിനിറങ്ങാനായില്ല. രണ്ടാം ഇന്നിംഗ്സിൽ 124 റണ്സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 93 റണ്സിന് ഓൾ ഒൗട്ടായി 30 റണ്സിന്റെ തോൽവി വഴങ്ങിയപ്പോൾ ഗില്ലിന്റെ അഭാവം ഇന്ത്യക്ക് തിരിച്ചടിയായിരുന്നു.

