യേശുവിന്റെ കല്ലറയുടെ പുനരുദ്ധാരണ ജോലി അടുത്ത വര്‍ഷം തീരും; മാര്‍ബിള്‍ മൂടി മാറ്റിയപ്പോള്‍ കല്ലറയില്‍ പല സാധനങ്ങള്‍ നിറച്ചതായി കണ്ടെത്തി

2016octo30yeashuchristhuജറുസലം: യേശുവിനെ അടക്കംചെയ്ത കല്ലറയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അടുത്തവര്‍ഷമാദ്യം പൂര്‍ത്തിയാകും. കഴിഞ്ഞ മാര്‍ച്ചിലാണു തിരുവുത്ഥാനത്തിന്റെ ദേവാലയത്തില്‍ കല്ലറയുടെയും അനുബന്ധ മേഖലയുടെയും പുനരുദ്ധാരണം തുടങ്ങിയത്. കല്ലറയുടെ മാര്‍ബിള്‍ ഫലകം ഇക്കഴിഞ്ഞ ദിവസം നീക്കി. മൂന്നടി വീതിയും അഞ്ചടി നീളവും ഉള്ളതായിരുന്നു ഫലകം. ജറുസലമിലെ ഗ്രീക്ക് പാത്രിയര്‍ക്കീസ് തെയോഫിലോസ് മൂന്നാമനും കത്തോലിക്കരടക്കം വിവിധ െ്രെകസ്തവ സഭാ വൈദികരും അവിടെ സന്നിഹിതരായിരുന്നു. തിരുക്കല്ലറയുടെ പള്ളി എന്നുകൂടി വിളിക്കപ്പെടുന്ന ഇവിടെ നടക്കുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ അവസാനം മുതല്‍ നാഷണല്‍ ജ്യോഗ്രഫിക് ചാനല്‍ എക്‌സ്‌പ്ലോറര്‍ പരിപാടിയില്‍ സംപ്രേഷണം ചെയ്യും.

ആറു െ്രെകസ്തവ വിഭാഗങ്ങള്‍ ഈ ദേവാലയം ഉപയോഗിക്കുന്നുണ്ട്. ആ വിഭാഗങ്ങള്‍ നാഷണല്‍ ജ്യോഗ്രഫിക് സൊസൈറ്റിയുമായും ആതന്‍സിലെ നാഷണല്‍ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയുമായും ചേര്‍ന്നാണു പുനരുദ്ധാരണം നടത്തുന്നത്.

അരിമത്ത്യാക്കാരന്‍ ജോസഫിന്റെ തോട്ടത്തിലാണു യേശുവിനെ അടക്കിയതെന്ന് സുവിശേഷങ്ങള്‍ പറയുന്നു. ഈ കല്ലറ 326–ല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ അമ്മ വിശുദ്ധ ഹെലേന കണ്ടെത്തി. അവര്‍ പണിയിച്ച ദേവാലയം 335 സെപ്റ്റംബര്‍ 13–നു കൂദാശ ചെയ്തു. പേര്‍ഷ്യന്‍ അധിനിവേശകാലത്ത് ഈ ദേവാലയം തകര്‍ക്കപ്പെട്ടു. അവശേഷിച്ച ഭാഗങ്ങളും കല്ലറയും ഖലീഫ ഹക്കീമിന്റെ കാലത്ത് 1009–ല്‍ നശിപ്പിച്ചെന്നാണു പലരും പറയുന്നത്. അതിന്റെ അവശേഷമാണു മാര്‍ബിള്‍ ഫലകത്തിനു കീഴിലുള്ളത്. യേശുവിനെ കിടത്തിയ ശില അതില്‍ ഉണ്ടെന്നു കരുതപ്പെടുന്നു. 1555–ല്‍ സ്ഥാപിച്ച ഫലകമാണ് ഇപ്പോള്‍ നീക്കിയത്.

മാര്‍ബിള്‍ മൂടി മാറ്റിയപ്പോള്‍ കല്ലറയില്‍ പല സാധനങ്ങള്‍ നിറച്ചതായി കണ്ടെത്തി. അവ വിശകലനം ചെയ്തു തീരാന്‍ ആഴ്ചകള്‍ എടുക്കും. അതിനു ശേഷമേ യേശുവിനെ കിടത്തിയ ശിലയില്‍ പഠനങ്ങള്‍ നടക്കൂ. 19–ാം നൂറ്റാണ്ടില്‍ പണിതതാണു കല്ലറയ്ക്കു ചുറ്റുമുള്ള എടുപ്പ്. എഡിക്യൂളെ (ചെറിയ വീട്) എന്നാണു ലാറ്റിന്‍ ഭാഷയില്‍ ഇതിനെ പറയുന്നത്. 1927ലെ ഭൂകമ്പത്തില്‍ ഇതിനു കേടുപറ്റി. 1947–ല്‍ ബ്രിട്ടീഷുകാര്‍ വലിയ ശീലാന്തികളും മറ്റും സ്ഥാപിച്ച് സംരക്ഷണം നല്കി. 40 ലക്ഷത്തിലേറെ ഡോളര്‍ (27 കോടിയിലധികം രൂപ) ചെലവഴിച്ചാണു പുനരുദ്ധാരണ പ്രവര്‍ത്തനം.

Related posts