കോട്ടയം: കോട്ടയം വൈഎംസിഎ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിനു പൂട്ടുവീഴുന്നു. ഈ മാസം 30ന് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഇന്ത്യാ കോഫി ബോര്‍ഡ് വര്‍ക്കേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ബ്രാഞ്ച് അധികൃതര്‍ക്കു നിര്‍ദേശം നല്കി. ജീവനക്കാരുടെ കുറവും അമിതവാടകയും കച്ചവടം കുറഞ്ഞതുമാണ് അടച്ചുപൂട്ടാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.
2009 ഫെബ്രുവരി 15നാണ് നഗരമധ്യത്തില്‍ മുനിസിപ്പാലിറ്റി ഓഫീസ് കെട്ടിടത്തിനു സമീപമുള്ള വൈഎംസിഎ കെട്ടിടത്തില്‍ കോഫി ഹൗസ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ആരംഭകാലത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയും ഒരു ലക്ഷത്തിനു മുകളില്‍ കച്ചവടം ലഭിക്കുകയും ചെയ്തിരുന്ന ബ്രാഞ്ചുകളിലൊന്നായിരുന്നു. കക്ഷിരാഷ്ട്രീയം മറന്ന് എല്ലാവരും ഒത്തുചേരാനും സംസാരിക്കാനുമായി എത്തിയിരുന്നതും ഇവിടെയായിരുന്നു. സായാഹ്നത്തില്‍ ഇവിടെ ഒത്തുകൂടുന്നവരുടെ കോഫി ഹൗസ് കൂട്ടായ്മയും ഉണ്ടായിരുന്നു.
ജീവനക്കാരുടെ കുറവാണു പൂട്ടാന്‍ പ്രധാനകരണങ്ങളിലൊന്ന്. ഇന്ത്യാ കോഫി ബോര്‍ഡ് വര്‍ക്കേഴ്സ് സംഘത്തില്‍ പുതിയ ആളുകളെ നിയമിക്കാന്‍ സംഘം രജിസ്ട്രാര്‍ കൂടിയായ വാണിജ്യ വ്യവസായ വകുപ്പ് ഡയറക്ടര്‍ അനുമതി നല്‍കുന്നില്ല. ശമ്പളം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംഘമാണ് നല്‍കുന്നത്. സര്‍ക്കാരിനു യാതൊരു ബാധ്യതയുമില്ല. എന്നിട്ടും നിയമനം നടത്താന്‍ അധികാരം തരുന്നില്ലെന്നാണ് സംഘം അധികൃതര്‍ പറയുന്നത്. 2015നു ശേഷം പുതിയ നിയമനം നടന്നിട്ടില്ല.
ഏറ്റവും കൂടുതല്‍ വാടകയും ഏറ്റവും കുറവ് കച്ചവടവുമുള്ള ബ്രാഞ്ചായി മാറി വൈഎംസിഎ ബ്രാഞ്ച്. ഒരു ലക്ഷത്തിനു മുകളില്‍ വാടകയാണ് നല്‍കുന്നത്. ഇപ്പോള്‍ ഒരു ദിവസത്തെ കച്ചവടം 20,000-25,000 രൂപ മാത്രമാണ്. എസി ഹാളും ഉച്ചയൂണുള്‍പ്പെടെ തുടങ്ങിയിട്ടും കച്ചവടത്തില്‍ മാറ്റമുണ്ടായില്ല. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് നഗരത്തിലെ കോഫി ഹൗസുകളിൽ തിരക്കു വര്‍ധിച്ച സാഹചര്യത്തില്‍ പതിനഞ്ചു ദിവസത്തേക്ക് വൈഎംസിഎ ബ്രാഞ്ച് അടച്ചിടുകയും ജീവനക്കാരെ തൃശൂരിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ചയാണ് വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത്.
ബ്രാഞ്ച് അടച്ചുപൂട്ടാന്‍ തീരുമാനിച്ചതോടെ മണര്‍കാട് പുതിയ ബ്രാഞ്ച് തുടങ്ങാനുള്ള ശ്രമത്തിലാണ് അധികൃതര്‍. നിലവില്‍ കോട്ടയത്ത് മെഡിക്കല്‍ കോളജ്, തിരുനക്കര തെക്കുംഗോപുരം, ടിബി റോഡ്, എംസി റോഡില്‍ എസ്എച്ച് മൗണ്ട് എന്നിവിടങ്ങളിലാണ് കോഫി ഹൗസ് പ്രവര്‍ത്തിക്കുന്നത്.