തിരുവനന്തപുരം: കേരളപ്പിറവി ദിനാഘോഷ ചടങ്ങില്‍ ഗവര്‍ണറെ മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്നത്തെ ദിവസം ഗവര്‍ണറെ ക്ഷണിക്കേണ്ടതില്ലെന്ന് കൂട്ടായെടുത്ത തീരുമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ നിശ്ചിത ആളുകള്‍ മാത്രമെ പങ്കെടുക്കാന്‍ പാടുള്ളൂവെന്ന് വ്യവസ്ഥയുണ്ട്. അതിനാലാണ് അദ്ദേഹത്തെ ക്ഷണിക്കാതിരുന്നത്. വജ്രകേരളം പരിപാടി ഇന്ന് തുടങ്ങി ഇന്ന് അവസാനിക്കുന്നതല്ല. വജ്ര കേരളം പരിപാടിയുടെ സമാപനത്തിന് ഗവര്‍ണറെ ക്ഷണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളപ്പിറവി ദിനാഘോഷം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളപ്പിറവിയുടെ 60-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ‘വജ്രകേരളം’ പരിപാടിയുടെ ഉദ്ഘാടനം നിയമസഭാങ്കണത്തില്‍ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചത്. രാവിലെ നടന്ന ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. നിയമസഭയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നാണ് അറുപതാം വാര്‍ഷിക പരിപാടികളുടെ ഉദ്ഘാടനചടങ്ങ് സംഘടിപ്പിച്ചത്. മന്ത്രി കടകംപള്ളി സുരേന്ദ്രന് സ്വാഗതം ആശംസിച്ചു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മാര്‍ത്തോമ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം, സുഗതകുമാരി, മന്ത്രി ഇ. ചന്ദ്രശേഖരന്, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, പി.ടി. ഉഷ എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി നന്ദി പറഞ്ഞു. മന്ത്രിമാര്‍, മുന്‍ സ്പീക്കര്‍മാര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, വിവിധ തുറകളില്‍നിന്നുള്ള പ്രമുഖ വ്യക്തികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വേദിയിലൊരുക്കിയ 60 തിരിയിട്ട വിളക്കില്‍ പ്രമുഖ വ്യക്തികള്‍ ദീപം തെളിയിച്ചു.
രാവിലെ 8.30 മുതല്‍ സാംസ്കാരിക പരിപാടികളോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഐക്യകേരളപ്പിറവിയെ ഓര്‍മപ്പെടുത്തി സമകാലീന കേരളം വരെയുള്ള വളര്‍ച്ച അടയാളപ്പെടുത്തുന്ന കാവ്യ, ഗാന, ദൃശ്യ വിരുന്നു നടക്കും. ദേവരാജന്‍ മാസ്റ്റര്‍ ഫൗണേ്ടഷന്റെ അറുപതോളം ഗായകര്‍ ഒരുക്കുന്ന സംഗീതവിരുന്നും ഡോ. ഓമനക്കുട്ടി ടീച്ചറുടെ സംഗീതഭാരതി ഗായകസംഘം അവതരിപ്പിക്കുന്ന മലയാള കവിതാഗാന നാള്‍വഴിയിലൂടെയുള്ള ആലാപനവിരുന്നും ‘കേരളീയം’ പരിപാടിയില്‍ അരങ്ങേറി.