കോഴിക്കോട്: കോഴിക്കോട് മായനാട് നിന്നു കാണാതായ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന് ഹേമചന്ദ്രന്റെ മരണത്തില്‍ വഴിത്തിരിവ്. ഹേമചന്ദ്രന് ആത്മഹത്യ ചെയ്തതാണെന്ന വാദവുമായി കേസിലെ മുഖ്യ പ്രതി വയനാട് ബത്തേരി സ്വദേശി നൗഷാദ് രംഗത്തെത്തി. കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് പുതിയ വാദവുമായി വിദേശശത്തുള്ള മുഖ്യപ്രതി രംഗത്തുവന്നിട്ടുള്ളത്.
ഹേമചന്ദ്രനെ തങ്ങള്‍ കൊലപ്പെടുത്തിയതല്ലെന്നും താന്‍ നാട്ടിലെത്തി പോലീസിനുമുമ്പാകെ ഹാജരാകുമെന്നും വിദേശത്തുനിന്ന് തയാറാക്കിയ ഫേസ്ബുക്ക് ലൈവ് വീഡിയോയില്‍ നൗഷാദ് പറഞ്ഞു. താന്‍ ഒളിച്ചോടിയതല്ല. രണ്ടുമാസത്തെ വിസിറ്റിംഗ് വിസയില്‍ ഗള്‍ഫില്‍ എത്തിയതാണ്. തിരിച്ചുവന്നാല്‍ ഉടന്‍ പോലീസിനു മുന്നില്‍ ഹാജരാകും.
നിരവധി പേര്‍ക്ക് ഹേമചന്ദ്രന് പണം നല്കാന് ഉണ്ടായിരുന്നു. ആത്മഹത്യ ചെയ്തതിനാല്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. മൃതദേഹം റീപോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന ആവശ്യവും പ്രതി ഉന്നയിച്ചു.അതേസമയം, ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. മരണത്തിനു മുമ്പ് മര്‍ദനമേറ്റ പാടുകളും മൃതദേഹത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി വയനാട്ടില്‍ ബത്തേരിക്കടുത്ത് ആളൊഴിഞ്ഞ വീട്ടില്‍ താമസിപ്പിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇവിടെവച്ച് അതിക്രൂരമായി മര്‍ദിച്ചതായാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഹേമചന്ദ്രന്റെ രണ്ടു മൊൈബല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് ഇന്നലെ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
മൈസുരുവിനടുത്ത് ലളിത സാന്ദ്രപുരിയില് റോഡില്‍ നിന്നു മാറി കാടുകള്‍ക്കുള്ളില്‍ പാറയുടെ അടിയില്‍ ഒളിപ്പിച്ച നിലയിലാണ് ഫോണുകള്‍ കെണ്ടത്തിയത്. രണ്ടു ഫോണുകളില്‍ നിന്നായി രണ്ടു സിം കാര്‍ഡകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. നൗഷാദിന്റെ സിം കാര്‍ഡുകളും ഇയാള്‍ ഉപയോഗിച്ചതായി പോലീസ് സംശയിക്കുന്നുണ്ട്. 14 സിം കാര്‍ഡകള്‍ ഹേമചന്ദ്രന് ഉപയോഗിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
നൗഷാദുമായുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കള്ളപ്പണ ഇടപാടുകളും വാഹന മോഷണവും അടക്കമുള്ള ഇടപാടുകള്‍ കൊലപാതകത്തിനു പിന്നില്‍ ഉണ്ടെന്നാണ് സംശയം. 2024 മാര്‍ച്ചിലാണ് പ്രതികള്‍ ഹേമചന്ദ്രനെ കൊലപ്പെടുത്തിയത്.
ഇയാളുടെ ബന്ധുക്കളില്‍നിന്ന് ഡിഎന്‍എ പരിശോധനയ്ക്കായി രക്ത സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. ഹേമചന്ദ്രന്റെ അമ്മയുടെയും സഹോദരിയുടെയും രക്തസാമ്പിളാണ് കുടകിലെത്തി പോലീസ് ശേഖരിച്ചത്. മകളുടെ രക്തസാമ്പിളും അയയ്ക്കുന്നുണ്ട്. ഡിഎന്‍എ റിസള്‍ട്ട് വന്നാല്‍ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. കേസില്‍ രണ്ടുപേരാണ് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്.