പണം തട്ടിയെടുക്കാൻ യുവാവിനെതിരേ വ്യാജ പീഡന പരാതി നൽകിയ യുവതിക്കെതിരേ കേസെടുക്കാൻ നിർദേശിച്ച് കോടതി. കേസിൽനിന്നു യുവാവിനെ കോടതി കുറ്റവിമുക്തനാക്കി. ഡൽഹിയിലെ തീസ് ഹസാരി കോടതി അഡീഷണൽ സെഷൻസ് ജഡ്ജി (എഎസ്ജെ) അനുജ് അഗർവാൾ ആണ് പ്രതിയെ കുറ്റവിമുക്തനാക്കിയത്. തുടർന്ന് കോടതിയിൽ തെറ്റായ പ്രസ്താവനകൾ നടത്തിയതിനു സ്ത്രീക്കെതിരേ കേസ് ഫയൽ ചെയ്യാൻ ഉത്തരവിട്ടു.
2021ൽ മാട്രിമോണിയൽ വെബ്സൈറ്റിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. തുടർന്ന് ഇരുവർക്കുമിടെയിൽ സൗഹൃദം വളർന്നു. 2021 സെപ്റ്റംബറിൽ കാറിൽ വച്ച് ലൈംഗികമായി തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. തന്റെ നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും ഇവർ പരാതിയിൽ പറയുന്നു.
എന്നാൽ താൻ പ്രതികരിച്ചപ്പോൾ യുവാവ് വിവാഹവാഗ്ദാനം നടത്തിയതായും അടുത്ത തവണ കാണുമ്പോൾ ചിത്രങ്ങൾ ഡിലീറ്റ് ചെയ്യുമെന്ന് ഇയാൾ പറഞ്ഞതായും യുവതി പരാതിയിൽ പറയുന്നു. എന്നാൽ, ഫോറൻസിക് പരിശോധനയിൽ പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് ഈ ഫോട്ടോകൾ കണ്ടെടുക്കാൻ കഴിഞ്ഞില്ല. കൂടാതെ യുവതിയുടെ മൊഴി കളങ്കവും കെട്ടിച്ചമച്ചതാണെന്നും കോടതി നിരീക്ഷിച്ചു.