കോഴിക്കോട്/പാലക്കാട്: പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മണ്ണാർക്കാട് തച്ചനാട്ടുകര സ്വദേശിനിയായ 38കാരിക്ക് നിപ സ്ഥിരീകരിച്ചു. അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുന്ന യുവതിയുടെ സ്രവത്തിന്റെ സാന്പിൾ കോഴിക്കോട് വൈറോളജി ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു.
തുടർന്ന് പുനെ വൈറോളജി ലാബിലേക്ക് സാന്പിൾ അയക്കുകയായിരുന്നു. പുനെയിലെ പരിശോധനയിൽ നിപ രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. ഇന്നു രാവിലെ 11ഓടെയാണ് പരിശോധനാഫലം ലഭിച്ചത്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിയായ പതിനേഴുകാരിക്ക് നിപ സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ലാബിലെ പരിശോധനാഫലത്തിലാണ് രോഗബാധ സ്ഥിരീകരിച്ചത്. സാമ്പിള്‍ വിദഗ്ധ പരിശോധനയ്ക്കായി പുനെയിലെ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ഇന്നു വൈകിട്ടോടെ ലഭിക്കുമെന്നാണു കരുതുന്നത്.
പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫോറന്‍സിക് വിഭാഗത്തിലെ ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും ക്വാറന്റെനിലാണ്. മങ്കടയില്‍ യുവതിയുടെ വീടിനടുത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.ഈ മാസം ഒന്നിനാണ് പെണ്‍കുട്ടി മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്.
പനി ബാധിച്ച് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലാണ് യുവതി ആദ്യം ചികിത്സ തേടിയത്. അവിടെ നിന്ന് ഗുരുതരാവസ്ഥയിലായപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ എത്തുമ്പോഴേക്കും മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. പെണ്‍കുട്ടിയുടെ റൂട്ട്മാപ്പ് അടക്കം ആരോഗ്യവകുപ്പ് തയാറാക്കുന്നുണ്ട്.
മണ്ണാർക്കാട് പ്രതിരോധ പ്രവർത്തനങ്ങൾ
മണ്ണാർക്കാട് (പാലക്കാട്): മണ്ണാർക്കാട് തച്ചനാട്ടുകര സ്വദേശിനിയായ 38കാരിക്ക് നിപ സ്ഥിരീകരിച്ചതോടെ നിരീക്ഷണപ്രവർത്തനങ്ങൾ ശക്തമാക്കി. രോഗിയോട് അടുത്ത ബന്ധം പുലർത്തിയവർ ക്വാറന്റീനിൽ ഇരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ജില്ലാ ആരോഗ്യവകുപ്പിന് കീഴിൽ അഞ്ച് ഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധനയും പ്രതിരോധ പ്രവർത്തനങ്ങളും നടത്തും. മൂന്ന് കിലോമീറ്റർ ചുറ്റളവിൽ പ്രതിരോധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും.
2018 മേയിലാണ് സംസ്ഥാനത്ത് ആദ്യമായി നിപ സ്ഥിരീകരിച്ചത്.കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്നായി അന്ന് 17 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടിരുന്നു.സംസ്ഥാനത്ത് ഇതുവരെ 28 പേര് നിപ ബാധിച്ച് മരിച്ചിട്ടുണ്ട്.