ഒരുവശത്ത് പണക്കിലുക്കത്തിന്റെയും കാഴ്ചക്കാരുടെയും റിക്കാര്‍ഡുകള്‍ ഭേദിച്ചു മുന്നേറുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്റി-20 ക്രിക്കറ്റ്; മറുവശത്ത് കാണികളും കാഴ്ചക്കാരും സാമ്പത്തിക ലാഭവുമില്ലാത്ത ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോള്‍. 2008ലാണ് ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിനു തുടക്കമായത്.
2014ല്‍ ഐഎസ്എല്ലും തുടങ്ങി. കൊട്ടിഘോഷിച്ചാരംഭിച്ചെങ്കിലും ഐഎസ്എല്ലിന്റെ ഗ്രാഫ് നാള്‍ക്കുനാള്‍ താഴേക്കാണ്. ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) ഇതിനോടകം പുറത്തിറക്കിയ 2025-26 സീസണ് കലണ്ടറില്‍ ഐഎസ്എല്‍ ഇല്ലെന്നതും ഞെട്ടിക്കുന്ന വസ്തുത.
ഐപിഎല്‍ ഇല്ലാത്ത ഒരു വര്‍ഷം ബിസിസിഐയുടെ സ്വപ്നത്തില്‍പ്പോലും ഇല്ലെന്നതും ഇതിനോടു ചേര്‍ത്തുവായിക്കണം. കാരണം, ഐസിസി (ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍) യുടെതന്നെ കലണ്ടറില്‍ സ്വാധീനം ചെലുത്തുന്നതാണ് ഐപിഎല്‍. ഇന്ത്യയില്‍ ക്രിക്കറ്റിന്റെയും ഫുട്ബോളിന്റെയും സ്ഥാനം എവിടെയാണെന്നു ചൂണ്ടിക്കാട്ടാന്‍ ഇതിക്കൂടുതല്‍ അക്ഷരങ്ങള്‍ നിരത്തേണ്ട.
കോടികളിലും അന്തരം
2014ലെ പ്രഥമ ഐപിഎല്‍ സീസണില്‍ ഉണ്ടായിരുന്നത് എട്ട് ടീമുകള്‍. ഓരോ മത്സരത്തിലും ഗാലറിയില്‍ എത്തിയ ശരാശരി കാണികള്‍ 25,408. എന്നാല്‍, 2024-25 സീസണില്‍ അത് 11,804ലേക്ക് കൂപ്പുകുത്തി.
ലൈവ് മത്സരം കാണുന്ന ആരാധകരുടെ എണ്ണത്തിലും ഈ കുറവുണ്ട്. 2014ല്‍ ഐഎസ്എല്‍ ടിവിയില്‍ കണ്ടവരുടെ എണ്ണം 42.9 കോടി. എന്നാല്‍, 2024-25 സീസണില്‍ ടിവിയും ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലുമായി ഐഎസ്എല്‍ കണ്ടവരുടെ എണ്ണം 13 കോടി മാത്രം.
ഐഎസ്എല്‍ ടീമുകളുടെ വരുമാനത്തിലും വ്യത്യാസമുണ്ട്. 13-16 കോടി രൂപയാണ് ഐഎസ്എല്‍ ടീമുകള്‍ക്കു വിഹിതമായി ലഭിക്കുക. ഐഎസ്എല്‍ ടീമുകള്‍ക്ക് ഇത് 425 കോടി രൂപ വരും!
കുറ്റവാളിയാര്?
എഐഎഫ്എഫും റിലയന്‍സിന്റെ ഫുട്ബോള്‍ പരിപോഷിപ്പിക്കല്‍ വിംഗായ ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡും (എഫ്എസ്ഡിഎല്‍) തമ്മില്‍ 2010ല്‍ നടത്തിയ കൈകോര്‍ക്കലാണ് കാല്‍പ്പന്തുകളിയെ നിലവിലെ പ്രതിസന്ധിയില്‍ എത്തിച്ചത്. ഐഎസ്എല്‍ നടത്തിപ്പുകാരായ എഫ്എസ്ഡിഎല്‍ ലൈസന്‍സ് പുതുക്കാത്തതാണ്, 2025-26 സീസണില്‍ ഐഎസ്എല്‍ ഇല്ലാതെ കലണ്ടര്‍ പുറത്തിറക്കാന്‍ എഐഎഫ്എഫിനെ നിര്‍ബന്ധിതമാക്കിയത്.
ഐഎസ്എല്ലിന്റെ വരവിനു മുമ്പ് ഇന്ത്യയിലെ ടോപ് ഡിവിഷന് ഫുട്ബോള്‍ ലീഗായിരുന്ന ഐ ലീഗിനെ തരംതാഴ്ത്തിയതും എഫ്എസ്ഡിഎല്ലിന്റെ സ്വാധീനം. 2019ല്‍ ഐഎസ്എല്‍ ഒന്നാം ഡിവിഷനും ഐ ലീഗ് രണ്ടാം ഡിവിഷനുമായി. ഇന്ത്യയില്‍ ഫുട്ബോള്‍ വളര്‍ന്നോ എന്നു ചോദിച്ചാല്‍ ഫിഫ ലോക റാങ്കിംഗില്‍ നിലവില്‍ 127-ാം സ്ഥാനത്താണെന്നുത്തരം.
മാര്‍ക്വേസ് മതിയാക്കി
ന്യൂഡല്‍ഹി: ഐഎസ്എല്‍ ക്ലബ്ബായ എഫ്സി ഗോവയുടെ മുന്‍പരിശീലകനായ സ്പാനിഷുകാരന് മാനോലോ മാര്‍ക്വേസ്, ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിന്റെ മാനേജര്‍ സ്ഥാനം ഒഴിഞ്ഞു. 11 മാസം മാത്രമായിരുന്നു മാര്‍ക്വേസ് ഇന്ത്യന്‍ പരിശീലക സ്ഥാനത്തുണ്ടായത്. അതില്‍ 10 മാസവും എഫ്സി ഗോവയുടെയും മുഖ്യപരിശീലകനായിരുന്നു. ഇക്കാലത്തിനിടെ എഫ്സി ഗോവയെ ഒരു ട്രോഫിയില്‍ എത്തിച്ചു. ഇന്ത്യക്ക് ഒരു ജയം നല്കി.
വിരമിച്ച സുനില്‍ ഛേത്രിയെ വീണ്ടും ദേശീയ ജഴ്സിയില്‍ തിരികെ എത്തിച്ചതാണ് മാര്‍ക്വേസിന്റെ പരിശീലക കാലഘട്ടത്തിലെ ശ്രദ്ധേയ നീക്കം. മാര്‍ക്വേസ് പരിശീലക സ്ഥാനം ഉപേക്ഷിച്ചതില്‍ അദ്ഭുതമില്ല.
എഫ്സി ഗോവയുടെ പരിശീലകനായിരിക്കേ ഇന്ത്യയുടെ ചുമതലകൂടി അദ്ദേഹത്തിനു നല്കിയ എഐഎഫ്എഫിന്റെ (ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്) വിശാലതയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. ഇന്ത്യയില്‍ ഫുട്ബോളിലെ വെന്റിലേറ്ററിലാക്കിയതും അവര്‍തന്നെ.
ഇഗോര്‍ സ്റ്റിമാക്കിനെ പുറത്താക്കിയാണ് എഐഎഫ്എഫ് മാര്‍ക്വേസിനെ ഇന്ത്യയുടെ മുഖ്യപരിശീലകനാക്കിയത്.
സ്റ്റിമാക് പുറത്തുപോയതിലും കഷ്ടത്തിലാണ് ഇന്ത്യന്‍ ഫുട്ബോള്‍ ടീം. 24 ടീമുകള്‍ പങ്കെടുക്കുന്ന 2027 എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതപോലും ലഭിച്ചേക്കില്ലെന്ന ദയനീയാവസ്ഥയിലാണ് ഇന്ത്യ.
ഐഎസ്എൽ ഗുണകരമല്ല: സ്റ്റിമാക്
ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ദേശീയ ഫുട്ബോളിന്റെ വളര്‍ച്ചയ്ക്ക് ഒരു ഗുണവും നല്‍കുന്നില്ലെന്നു തുറന്നടിച്ച് മുന്‍ പരിശീലകന് ഇഗോര്‍ സ്റ്റിമാക്.
വെറും എട്ടു മത്സരത്തിനുശേഷം ഇന്ത്യയുടെ മുഖ്യപരിശീലക സ്ഥാനത്തുനിന്ന് മാനോലോ മാര്‍ക്വേസ് പടിയിറങ്ങിയതില്‍ തനിക്ക് അദ്ഭുതമില്ലെന്നും സ്റ്റിമാക് തുറന്നടിച്ചു. സ്റ്റിമാക്കിനെ പുറത്താക്കിയാണ് എഐഎഫ്എഫ് (ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്) ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്ത് മാനോലോ മാര്‍ക്വെസിനെ പ്രതിഷ്ഠിച്ചത്.
“എന്തു ചെയ്യണമെന്ന് കണക്കുകൂട്ടലും ഇല്ലാത്ത ഒന്നാണ് എഐഎഫ്എഫ്. അതുപോലെ ഇന്ത്യന്‍ ഫുട്ബോളിന് ഐഎസ്എല്ലുകൊണ്ട് ഒരു ഗുണവും ഇല്ല. ഐഎസ്എല്‍ തരംതാഴ്ത്തല്‍ ഇല്ലാത്ത സംവിധാനമാണ്. അതുകൊണ്ടുതന്നെ അതില്‍ തീവ്രതയില്ല. ക്വാളിറ്റി മത്സരങ്ങള്‍ വിരളമാണ്’’ – ഇഗോര്‍ സ്റ്റിമാക് പറഞ്ഞു.