മാന്നാര്‍: മാന്നാറില്‍ വീണ്ടും തെരുവനായ ആക്രമണം. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ 15 പേര്‍ക്കാണ് കടിയേറ്റിരിക്കുന്നത്. മാന്നാര്‍ കുട്ടമ്പേരൂര്‍ കോയിക്കല്‍ മുക്ക് ഇന്ത്യന്‍ ഓയില്‍ പമ്പിനു തെക്കുവശം ചായക്കട നടത്തുന്ന ചെന്നിത്തല ഒരിപ്രം മൂന്നാം വാര്‍ഡില്‍ മഠത്തില്‍ പടീറ്റതില്‍ ഗോപിയുടെ ഭാര്യ മണിയമ്മ(66)ക്ക് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. കൂടാതെ തൊടുപുഴയില്‍നിന്നും കെട്ടിട നിര്‍മാണ സാമഗ്രികളുമായി എത്തിയ വാഹനത്തിന്റെ ഡ്രൈവര്‍, വഴിയാത്രക്കാരായ ബംഗാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കഴിഞ്ഞദിവസം തെരുവുനായ്ക്കളുടെ കടിയേറ്റത്.
ചായക്കടയില്‍ ജോലി ചെയ്തുകൊണ്ടിരുന്ന മണിയമ്മയെ കടയില്‍ കയറിയാണ് കടിച്ചത്. പുലര്‍ച്ചെ നാലിന് കടതുറന്ന് നാലഞ്ചുപേര്‍ക്ക് ചായ കൊടുത്തശേഷം കടയ്ക്കുള്ളിലെ പൈപ്പില്‍നിന്നു വെള്ളം ശേഖരിച്ചുകൊണ്ടിരുന്ന മണിയമ്മയുടെ ദേഹത്തേക്ക് തെരുവുനായ ചാടിക്കയറുകയായിരുന്നു. പെട്ടെന്നുള്ള ആക്രമണത്തില്‍ താഴെ വീണ മണിയമ്മയുടെ വയറിലും ഇടുത്തേ കൈ വിരലുകളിലും കടിയേറ്റു.
തുടര്‍ന്ന് വടക്കോട്ട് ഓടിയ നായ അവിടെ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്റെ തൊടുപുഴ സ്വദേശിയായ ഡ്രൈവറെയും ജോലിക്കായി പോകുകയായിരുന്ന ബംഗാളികളെയും ആക്രമിക്കുകയായിരുന്നു.
കടയിലെ ജോലിക്കാരിയെത്തിയാണ് മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷയും തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍നിന്നു പ്രതിരോധ കുത്തിവെയ്പും നടത്തിയതെന്ന് മണിയമ്മ പറഞ്ഞു. അഞ്ചുപേരെ കടിച്ച തെരുവുനായ പിന്നീട് ചത്തതായും പേ വിഷബാധ സംശയിക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു.
രാവിലെ ട്യൂഷന് കഴിഞ്ഞു വരുന്നവഴി കുട്ടമ്പേരൂര്‍ പുല്ലാമഠത്തില്‍ രാജേഷ്- അര്‍ച്ചന ദമ്പതികളുടെ മകനായ ആദിത്യന് ദിവസങ്ങള്‍ക്കു മുമ്പാണ് തെരുവുനായ ആക്രമണത്തില്‍ കാലിനു പരിക്കേറ്റത്. മാന്നാര്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണ്. പ്രധാന റോഡുകളും ഇടറോഡുകളും തെരുവുനായ്ക്കള്‍ കയ്യടക്കിയിരിക്കുകയാണ്.
കാല്‍നടക്കാരും ഇരുചക്രവാഹനക്കാരുമാണ് തെരുവുനായ ആക്രമണങ്ങള്‍ക്കു കൂടുതല്‍ ഇരകളാകുന്നത്. പുലര്‍ച്ചെ നടക്കാന്‍ പോകുന്നവരെയും പാല്, പത്രവിതരണക്കാരെയും സ്ഥിരമായി ആക്രമിക്കുന്നതിനാല്‍ പുലര്‍ച്ചെ പുറത്തിറങ്ങാന്‍ പലരും മടിക്കുകയാണ്.