കൊല്ലം: സ്റ്റേഷൻ മാസ്റ്റർമാരെ അധിക ജോലികളിൽ നിന്ന് ഒഴിവാക്കാൻ റെയിൽവേ ബോർഡ് തത്വത്തിൽ തീരുമാനിച്ചു. സെപ്റ്റംബർ ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് വിവരം.അങ്ങനെയെങ്കിൽ ഇനി മുതൽ സ്റ്റേഷൻ മാസ്റ്റർമാരുടെ ചുമതല ട്രെയിനുകളുടെ പ്രവർത്തന നിയന്ത്രണവും സുരക്ഷയും മാത്രമായിരിക്കും.
സ്റ്റേഷൻ വഴി കടന്നുപോകുന്ന ട്രെയിനുകളുടെ വിവരങ്ങൾ ശേഖരിച്ച് അടുത്ത സ്റ്റേഷനിലേയ്ക്ക് കൈമാറുക, സിഗ്നലിംഗ് സംവിധാനത്തിൽ കൃത്യത ഉറപ്പ് വരുത്തുക തുടങ്ങിയവ ആയിരിക്കും സ്റ്റേഷൻ മാസ്റ്റർമാരിൽ നിക്ഷിപ്തമാകുന്ന പ്രധാന ഉത്തരവാദിത്വങ്ങൾ.ഇത് സംബന്ധിച്ച് റെയിൽവേയുടെ ഓപ്പറേഷൻസ് വിഭാഗവും കൊമേഴ്സ്യൽ വിഭാഗവും തമ്മിൽ ചർച്ച നടന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം നടപ്പിലാക്കാൻ പോകുന്നത്.
നിലവിൽ കൊമേഴ്സ്യൽ സെക്ഷനുമായി ബന്ധപ്പെട്ട ജോലികളും നിരവധി സ്റ്റേഷനുകളിൽ സ്റ്റേഷൻ മാസ്റ്റർമാർ തന്നെ ചെയ്യേണ്ടി വരുന്നുണ്ട്. ടിക്കറ്റ് വിൽപ്പന, ട്രെയിനുകളുടെ യാത്രാ വിവരങ്ങൾ അനൗൺസ് ചെയ്യൽ, കോച്ച് പൊസിഷൻഅടക്കമുള്ള വിവരങ്ങൾ യാത്രക്കാർക്ക് കൈമാറൽ തുടങ്ങിയവ പലയിടത്തും സ്റ്റേഷൻ മാസ്റ്റർമാർ തന്നെയാണ് നിർവഹിക്കുന്നത്. മാത്രമല്ല സ്റ്റേഷനുകളിലെയും പ്ലാറ്റ്ഫോമുകളിലെയും അടക്കം ശുചീകരണ പ്രവർത്തനങ്ങളുടെ ഏകോപനവും ഇവർ തന്നെയാണ് ചെയ്യേണ്ടത്.
ഇത്തരം അധിക ജോലികളിൽ നിന്ന് സ്റ്റേഷൻ മാസ്റ്റർമാരെ ഒഴിവാക്കി പകരം ജീവനക്കാരെ നിയോഗിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അധിക ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് നിർവഹിക്കേണ്ടി വരുന്നതിനാൽ സുരക്ഷാ വീഴ്ചകൾ ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഇത്തരമൊരു തീരുമാനത്തിൽ അധികൃതർ എത്തിയത്.ഇതുമായി ബന്ധപ്പെട്ട് സ്റ്റേഷൻ മാസ്റ്റർമാരുടെ അഭിപ്രായവും അധികൃതർ ആരാഞ്ഞിരുന്നു.
നിരവധി ട്രെയിനുകൾ കടന്നുപോകുന്ന സ്റ്റേഷനുകളിലാണ് ഇത്തരം ബുദ്ധിമുട്ടുകൾ ഏറെയുള്ളതെന്ന് മനസിലാക്കുകയും ചെയ്തു. കഴിഞ്ഞ ഏതാനും വർഷത്തെ ട്രെയിൻ അപകടങ്ങൾ വിശദമായി പരിശോധിച്ചപ്പോൾ അവയിൽ ചിലതിൻ്റെ കാരണം സ്റ്റേഷൻ മാസ്റ്റർമാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നായിരുന്നു വിലയിരുത്തൽ.
ഇത്തരം വീഴ്ചകൾക്ക് പിന്നിൽ അവരുടെ അധിക ജോലികളാണെന്നും അന്വേഷണ റിപ്പോർട്ടുകളിലടക്കം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇതിൻ്റെയൊക്കെ അടിസ്ഥാനത്തിലാണ് സ്റ്റേഷൻ മാസ്റ്റർമാരുടെ ജോലിഭാരം ലഘൂകരിക്കാൻ തറയിൽവേ തീരുമാനം എടുത്തിട്ടുള്ളത്.
- എസ്.ആർ. സുധീർ കുമാർ