കോഴിക്കോട്: സാമ്പത്തിക പണിമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി പൂമല ചെട്ടിമൂല സ്വദേശി ഹേമചന്ദ്രനെ ദൃശ്യം മോഡലില്‍ കൊലപ്പെടുത്തി കുഴിച്ചിട്ട കേസിലെ മുഖ്യപ്രതി ബത്തേരി പഴുപ്പത്തൂര്‍ സ്വദേശി പുല്ലമ്പി വീട്ടില്‍ നൗഷാദു (33)മായി അന്വേഷണ സംഘം ഇന്ന് വയനാട്ടിലും തമിഴ്നാട്ടിലെ ചേരമ്പാടിയിലും തെളിവെടുപ്പ് നടത്തും. ചേരമ്പാടിയില്‍ നിന്നാണ് ഹേമചന്ദ്രന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അതിനിടെ ഹേമചന്ദ്രനെ കൊലപ്പെടുത്തിയതല്ലെന്നും ആത്മഹത്യയാണെന്നുമാണ് മുഖ്യപ്രതി ആവര്‍ത്തിക്കുന്നത്.
കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങിയ പ്രതി നൗഷാദുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ഇന്‍സ്പെക്ടര്‍ കെ.കെ. ആഗേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ വയനാട്ടിലേക്ക് പുറപ്പെട്ടു. ഹേമചന്ദ്രനെ ഒളിവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നു സംശയിക്കുന്ന ബത്തേരിയിലെ വീട്, മൃതദേഹം കുഴിച്ചിട്ട ചേരമ്പാടി വനമേഖല, മൃതദ്ദേഹം കുഴിച്ചിടുന്ന സ്ഥലം കണ്ടെത്താന്‍ ഗൂഡാലോചന നടത്തി പ്രതികള്‍ ഒത്തുകൂടിയ സ്ഥലം തുടങ്ങിയ ഇടങ്ങളില്‍ ഇന്ന് തെളിവെടുപ്പ് നടത്തും. ചേരമ്പാടിയിലെ തെളിവെടുപ്പിന് തമിഴ്നാട് പോലീസിന്റെ സഹായം തേടിയിട്ടുണ്ട്.
മതിയായ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് പോലീസിന്റെ നീക്കം. ഹേമചന്ദ്രന് ആത്മഹത്യചെയ്തപ്പോള്‍ മറ്റു വഴികളില്ലാതെ മൃതദേഹം കൊണ്ടുപോയി കുഴിച്ചിട്ടെന്നാണ് നൗഷാദ് നല്കിയ മൊഴി. വിസിറ്റിംഗ് വിസ കാലാവധി കഴിഞ്ഞ് വിദേശത്തുനിന്നുനാട്ടിലെത്തിയ നൗഷാദിനെ കഴിഞ്ഞ ദിവസം ബംഗളൂരൂ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു. അഞ്ച് ദിവസത്തേക്കാണ് അന്വേഷണസംഘം ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്.
നേരത്തേ അറസ്റ്റിലായ മറ്റുപ്രതികള്‍ നല്കിയ മൊഴിയില്‍ രണ്ടു സ്ത്രീകളുമായി ബന്ധപ്പെട്ടു ഹേമചന്ദ്രനെ കെണിയില്‍ കുടുക്കിയതായി വിവരം ലഭിച്ചിരുന്നു. നൗഷാദും സംഘവും യാത്ര ചെയ്ത വിവരങ്ങളും സാമ്പത്തിക ഇടപാടുകളുടെ രേഖകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഹേമചന്ദ്രന്റെ മൃതദേഹം കഴിഞ്ഞമാസം 28നാണ് നീലഗിരിയിലെ ചേരമ്പാടി വനമേഖലയില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ഇടപാടിന്റെ പേരില്‍ സ്ത്രീകളെ ഉള്‍പ്പെടെ ഉപയോഗിച്ച് ഹേമചന്ദ്രനെ കെണിയില്‍പെടുത്തി വയനാട്ടിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ഒന്നര വര്‍ഷം മുമ്പ് കോഴിക്കോട്ടുനിന്നാണ് ഹേമചന്ദ്രനെ കാണാതായത്. കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപമുള്ള മായനാട് നടപ്പാലത്തുള്ള വാടകവീട്ടില്‍നിന്ന് ടൗണിലേക്കാണെന്നു പറഞ്ഞ് പോയ ഹേമചന്ദ്രനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി 2024 ഏപ്രില്‍ ഒന്നിന് ഭാര്യ മെഡിക്കല്‍ കോളജ് പോലീസില്‍ പരാതിനല്‍കിയിരുന്നു.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഹേമചന്ദ്രന് കൊല്ലപ്പെട്ടുവെന്ന സൂചനയിലേയ്ക്കെത്തിയത്. റിയല്‍ എസ്റ്റേറ്റ്, സ്വകാര്യ ചിട്ടി കമ്പനി, റെന്റ് എ കാര്‍ തുടങ്ങിയ ഇടപാടുകള്‍ നടത്തിയിരുന്ന ഹേമചന്ദ്രന് 20 ലക്ഷത്തോളം രൂപ പലര്‍ക്കും നല്‍കാനുണ്ടായിരുന്നതായാണ് പോലീസിനു ലഭിച്ചിരിക്കുന്ന സൂചന. കണ്ണൂര്‍ സ്വദേശിയായ സ്ത്രീയെ ഉപയോഗിച്ചാണ് ഹേമചന്ദ്രനെ പ്രതികള്‍ വിളിച്ചുവരുത്തിയത്. ഈ സ്ത്രീ ഹേമചന്ദ്രനുമായി നേരത്തേ പരിചയം സ്ഥാപിച്ചിരുന്നു. ഇവരുള്‍പ്പെടെ മറ്റുചിലര്‍ കൂടി കേസില്‍ പ്രതികളാകുമെന്നാണ് പോലീസ് നല്കുന്ന സൂചന.