കൊച്ചി: കൊച്ചിയില്‍ എംഡിഎംഎയുമായി യുട്യൂബര്‍ പിടിയിലായ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. മുഖ്യപ്രതി റിന്‍സി മുംതാസ് സിനിമ പ്രമോഷന്റെ മറവില്‍ സിനിമാ മേഖലയിലുള്ളവര്‍ക്ക് ലഹരി കൈമാറിയിരുന്നതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ സിനിമാ മേഖലയിലേക്കും അന്വേഷണം വ്യപിപ്പിച്ച പോലീസ് ലഹരി ഇടപാടില്‍ ഉള്‍പ്പെട്ടവരുടെ പേരുവിവരങ്ങള്‍ ശേഖരിച്ച് വരികയാണ്.
ഷൂട്ടിംഗ് ലൊക്കേഷനുകളിലടക്കം വന്‍ തോതില്‍ ആവശ്യക്കാര്‍ ലഹരി എത്തിച്ചിരുന്ന റിന്‍സി സിനിമാ മേഖലയിലെ ഡ്രഗ് ലേഡിയാണെന്ന് പോലീസ് പറയുന്നു. യുവതാരങ്ങള്‍ക്കിടയിലാണ് ലഹരി ഇടപാടുകള്‍ അധികവും നടത്തിയിരുന്നതെന്നാണ് വിവരം. ഇവരുടെ പേരുവിവരങ്ങളടക്കം റിന്‍സി പോലീസിന് കൈമാറിയതായും വിവരമുണ്ട്.
ഇടപാടിന് 75 വാട്സ്ആപ്പ് അക്കൗണ്ടുകൾ
ലഹരി ഇടപാടുകള്‍ക്ക് മാത്രമായി റിന്‍സി 75ഓളം വാട്സ്ആപ്പ് അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നതായാണ് കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ യാസര്‍ അറഫാത്തിന് ലഹരി വാങ്ങാന്‍ പണം നല്‍കിയിരുന്നത് റിന്‍സിയാണ്.
ബംഗളൂരുവില്‍നിന്ന് എത്തിച്ചിരുന്ന ലഹരി പായ്ക്ക് ചെയ്തിരുന്നത് പാലച്ചുവട്ടിലുള്ള റിന്‍സിയുടെ ഫ്ളാറ്റില്‍ വച്ചായിരുന്നു. ചെറു പൊതികളാക്കി ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുകയായിരുന്നു രീതി. സിനിമാ പ്രവര്‍ത്തകരടക്കം ഫ്ളാറ്റില്‍ എത്തിയിരുന്നതായും റിന്‍സി പോലീസിനോട് വ്യക്തമാക്കിയിട്ടുള്ളത്.
എംഡിഎംഎ മാത്രമല്ല
എംഡിഎംഎ മാത്രമല്ല വിലകൂടിയ കൊക്കെയ്നും റിന്‍സി കൈകാര്യം ചെയ്തിരുന്നതായാണ് കണ്ടെത്തല്‍. ഇടപാടുകാര്‍ക്ക് ലഹരി വസ്തുക്കളുടെ ചിത്രങ്ങള്‍ അയച്ച് നല്‍കും. തുടര്‍ന്ന് പണം കൈമാറിയ ശേഷമാണ് ലഹരി വില്പന.
ലഹരി ഇടപാടില്‍ മാത്രം റിന്‍സി വന്‍ തുക മുടക്കിയിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. പത്ത് മാസത്തോളമായി കൊച്ചിയിലടക്കം ഇരുവരും ചേര്‍ന്ന് ലഹരി ഇടപാട് നടത്തിവന്നിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു.