രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന കൂലിയിലെ മോണിക്ക എന്ന ഗാനം കഴിഞ്ഞ ദിവസമാണു പുറത്തുവന്നത്. ഈ സ്പെഷല്‍ ഗാനത്തിനുശേഷം പൂജ ഹെഗ്ഡെയ്ക്കും മേലെ വൈറലായത് മലയാളികളുടെ സ്വന്തം സൗബിന് ഷാഹിറാണ്.
കിടിലിന്‍ സ്റ്റെപ്പുകളുമായി കത്തിക്കയറുകയായിരുന്നു താരം. സൗബിന്റെ ഡാന്‍സ് കണ്ട് തമിഴരും മലയാളികളും ഒരുപോലെ അദ്ഭുതപ്പെട്ടു. മലയാളത്തിലെ ചില സിനിമാപ്പാട്ടുകളില്‍ സൗബിന് നേരത്തെ ഡാന്‍സ് ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു പക്കാ ഡാന്‍സ് നമ്പര്‍ ഇതുവരെ വന്നിട്ടില്ല.
പൂജയെ സൈഡാക്കുന്ന പെര്‍ഫോമന്‍സാണു സൗബിന് പാട്ടില്‍ നടത്തിയത് എന്നുവരെ വീഡിയോയ്ക്കു താഴെ കമന്റുകളുണ്ടായിരുന്നു. ഇപ്പോഴിതാ സൗബിന്റെ ഡാന്‍സിനെക്കുറിച്ചു പൂജ തന്നെ സംസാരിച്ചിരിക്കുകയാണ്. വ്യത്യസ്തമായ ഡാന്‍സിംഗ് രീതിയാണു സൗബിന്റേതെന്നു പൂജ പറയുന്നു. മോണിക്ക പാട്ടിന്റെ ബിടിഎസ് വീഡിയോയിലാണു പൂജ സൗബിനെ പ്രശംസിക്കുന്നത്.
‘വേറിട്ട ശൈലിയാണു സൗബിന്റേത്. അദ്ദേഹത്തെപ്പോലെ ഡാന്‍സ് ചെയ്യാന്‍ അദ്ദേഹത്തിനു മാത്രമേ സാധിക്കുകയുള്ളു. വളരെ സ്വീറ്റാണ് സൗബിന്. അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാനായതില്‍ ഏറെ സന്തോഷമുണ്ട്’ എന്ന് പൂജ പറഞ്ഞു. ഓഗസ്റ്റ് 14നാണു കൂലി തിയറ്ററുകളിലെത്തുന്നത്.ചിത്രത്തില്‍ നാഗാര്‍ജുന, ഉപേന്ദ്ര എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആമിര്‍ ഖാന്റെ കാമിയോ റോളുമുണ്ട്.