ന്യൂഡല്‍ഹി: കാത്തിരിപ്പുകള്‍ക്ക് അവസാനം, ബ്ലൂ ടൈഗേഴ്സ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിനെ ഖാലിദ് ജമീല്‍ പരിശീലിപ്പിക്കും. കഴിഞ്ഞ മാസം മാനോലോ മാര്‍ക്വേസ് സ്ഥാനമൊഴിഞ്ഞതിനുശേഷം ഇന്ത്യന്‍ പുരുഷ ടീമിന് മുഖ്യപരിശീലകന്‍ ഇല്ലായിരുന്നു. മുന്‍ താരം ഐ.എം. വിജയന് അടക്കമുള്ള സംഘം തെരഞ്ഞെടുത്ത അന്തിമ മൂന്നംഗ പട്ടികയില്‍നിന്നാണ് ഖാലിദ് ജമീലിനെ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) മുഖ്യപരിശീലകനാക്കിയത്.
അന്തിമപട്ടികയിലുണ്ടായിരുന്ന, ഇന്ത്യയെ മുമ്പ് പരിശീലിപ്പിച്ചിട്ടുള്ള ഇംഗ്ലീഷുകാരനായ സ്റ്റീഫന്‍ കോണ്സ്റ്റന്റൈന്, സ്ലോവാക്യക്കാരനായ സ്റ്റെഫാന്‍ തര്കോവിച്ച് എന്നിവരെ പിന്തള്ളിയാണ് 48കാരനായ ഖാലിദ് ജമീല്‍ ഇന്ത്യന്‍ ടീമിന്റെ ആശാനായത്. 1998-2006 കാലഘട്ടത്തില്‍ ഇന്ത്യന്‍ ദേശീയ ടീം ജഴ്സിയില്‍ 40 മത്സരങ്ങള്‍ ഖാലിദ് കളിച്ചു, നാലു ഗോള്‍ സ്വന്തമാക്കി.
ഐ.എം. വിജയന്റെ നേതൃത്വത്തിലുള്ള ടെക്നിക്കല്‍ കമ്മിറ്റി അന്തിമപട്ടിക പ്രഖ്യാപിച്ചത് ജൂലൈ 22നായിരുന്നു. ടീം ഡയറക്ടറായ സുബ്രതാ പാലുമായി ചര്‍ച്ച ചെയ്തശേഷമായിരുന്നു അത്. ഇന്ത്യന്‍ സാംസ്കാരികതയുമായി ഇഴചേര്‍ന്നുള്ള പരിശീലകന് എന്നതിനാല്‍ ഖാലിദ് ജമീലിനു നറുക്കു വീണു. ഇന്നലെ ചേര്‍ന്ന എഐഎഫ്എഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ്, ടെക്നിക്കല്‍ കമ്മിറ്റിയുടെ ശിപാര്‍ശ പരിഗണിച്ച് ഖാലിദിനെ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനാക്കിയത്.
സൗദിയില്‍ ജനനം
പഞ്ചാബി മാതാപിതാക്കളുടെ മകനായി, 1977ല്‍ കുവൈറ്റിലാണ് ഖാലിദ് ജമീല്‍ ജനിച്ചത്. കളിക്കളത്തില്‍ മധ്യനിരക്കാരനായിരുന്നു. ദേശീയ ഫുട്ബോള്‍ ലീഗില്‍ മഹീന്ദ്ര യുണൈറ്റഡിന്റെ താരമായി 1997ല്‍ പ്രഫഷണല്‍ അരങ്ങേറ്റം. 1998ല്‍ എയര്‍ ഇന്ത്യയില്‍. 2001ല്‍ തിരിച്ച് മഹീന്ദ്ര യുണൈറ്റഡിലേക്ക്. 2007-09 കാലഘട്ടത്തില്‍ മുംബൈ എഫ്സിയിൽ വച്ചു ക്ലബ് ഫുട്ബോള്‍ കരിയര്‍ അവസാനിപ്പിച്ചു. തുടര്‍ച്ചയായ പരിക്കുകളായിരുന്നു നേരത്തേയുള്ള വിരമിക്കലിനു കാരണം. ക്ലബ് തലത്തില്‍ 248 മത്സരങ്ങളില്‍ ഇറങ്ങി, 45 ഗോള്‍ സ്വന്തമാക്കി.
പ്ലാറ്റിനിയുടെ ആരാധകന്
ഫ്രഞ്ച് ഫുട്ബോള്‍ ഇതിഹാസം മിഷേല്‍ പ്ലാറ്റിനിയുടെ കടുത്ത ആരാധകനാണ് ഖാലിദ് ജമീല്‍. കുവൈറ്റില്‍ ആയിരിക്കേ, അണ്ടര്‍ 14 ക്യാമ്പില്‍വച്ച് പ്ലാറ്റിനിയെ കണ്ടതിനുശേഷമാണ് അദ്ദേഹത്തോടുള്ള ആരാധന മൂത്തത്.
അന്നുതൊട്ടിന്നുവരെ പ്ലാറ്റിനിയുടെ ആരാധകനാണ് ഖാലിദ്. കുവൈറ്റില്‍നിന്ന് ഇന്ത്യയിലേക്കെത്തിയപ്പോള്‍ കോല്‍ക്കത്തന്‍ വമ്പന്‍ ക്ലബ്ബുകളായ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന് ടീമുകളില്‍നിന്ന് ഓഫര്‍ എത്തിയിരുന്നു. എന്നാല്‍, മദ്യക്കമ്പനികളാണ് ഈ ക്ലബ്ബുകളുടെ സ്പോണ്സര്മാരെന്നതിനാല് മുഖംതിരിച്ചു.