ന്യൂയോർക്ക്/വാഷിംഗ്ടൺ ഡിസി: റഷ്യയുടെ എണ്ണ വാങ്ങുന്ന കാര്യത്തിൽ ചൈനയുടെ തൊട്ടടുത്ത സ്ഥാനത്തു നിൽക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇന്ത്യയ്ക്കുമേൽ 25 ശതമാനം അധികതീരുവ കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആകെ തീരുവ 50 ശതമാനമായി ഉയരുകയും ചെയ്തു. യുക്രെയ്ൻ, റഷ്യ എന്നീ രാജ്യങ്ങളുമായി ഡീൽ ഉറപ്പിക്കാൻ സാധിച്ചാൽ ഇന്ത്യക്കുമേൽ ചുമത്തിയ തീരുവകൾ ഒഴിവാക്കുമോയെന്ന ചോദ്യത്തിന്, പിന്നീട് തീരുമാനിക്കാം എന്നായിരുന്നു ട്രംപിന്റെ ഉത്തരം.
ചൈന അടക്കമുള്ള മറ്റ് രാജ്യങ്ങളും റഷ്യൻ എണ്ണ വാങ്ങുന്നില്ലേയെന്ന ചോദ്യത്തിന്, അതു കുഴപ്പമില്ല എന്നും അദ്ദേഹം പ്രതികരിച്ചു.
“എട്ട് മണിക്കൂറല്ലേ ആയുള്ളൂ. .. നമുക്ക് വരും മണിക്കൂറുകളിൽ നോക്കാം.. കൂടുതൽ രണ്ടാംഘട്ട ഉപരോധങ്ങളും വരാനിരിക്കുന്നു.. ചൈനയ്ക്കു മേലും ചിലപ്പോൾ തീരുവ ചുമത്തിയേക്കാം. ഇപ്പോൾ അതൊന്നും പറയാനാകില്ല’’ ട്രംപ് പറഞ്ഞു.
ഇന്ത്യക്കുമേൽ അമേരിക്ക ആദ്യം പ്രഖ്യാപിച്ച 25 ശതമാനം ഇന്നലെ പ്രാബല്യത്തിലായി. ഇന്ത്യക്കുമേൽ 25 ശതമാനം തീരുവകൂടി ട്രംപ് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആകെ തീരുവ 50 ശതമാനമായി. വർധിപ്പിച്ച തീരുവ ഈ മാസം 27നു പ്രാബല്യത്തിലാകും.