കൊച്ചി: കലൂര്‍ മെട്രോ സ്റ്റേഷനു സമീപം തൃശൂര്‍ സ്വദേശിക്ക് കുത്തേറ്റ സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. നേപ്പാള്‍ സ്വദേശി ശ്യാം, ഇരിട്ടി സ്വദേശി റോബിന് എന്നിവരെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. മൂവരും പോക്കറ്റടി സംഘത്തില്‍പ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാത്രി 11 നായിരുന്നു സംഭവം. മെട്രോ സ്റ്റേഷനിലെ മീഡിയനില്‍ കിടന്നുറങ്ങിയിരുന്ന തൃശൂര്‍ സ്വദേശി ഷറഫുദീനാണ് (49) കുത്തേറ്റത്. ശ്യാമും ഷറഫുദീനും തമ്മില്‍ ആദ്യം വാക്കേറ്റമുണ്ടായി. തുടര്‍ന്ന് റോബിനും എത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കൈയിലിരുന്ന കത്തി ഉപയോഗിച്ച് ഷറഫുദീന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു.
സംഭവം അറിഞ്ഞെത്തിയ പോലീസ് ഇയാളെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവശിപ്പിച്ചു.സംഭവത്തിനുശേഷം പ്രതികള്‍ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്ന് പുലര്‍ച്ചെ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനടുത്ത് നിന്നാണ് ഇരുവരും പിടിയിലായത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.