കൊച്ചി: കോതമംഗലത്ത് 23 കാരിയായ ടിടിസി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത കേസില്‍ ഒന്നാംപ്രതി ആലുവ പാനായിക്കുളം സ്വദേശി റമീസിനെതിരെ കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. നിര്‍ണായകമായ വാട്സ്ആപ്പ് ചാറ്റുകളും ഫോട്ടോകളും ലഭിച്ചുവെന്നാണ് വിവരം. ഇയാളെ തിങ്കളാഴ്ച കസ്റ്റഡിയില്‍ ലഭിക്കും.
അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധിയില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇയാളുടെ ആലുവയിലെ വീട്ടില്‍ പെണ്‍കുട്ടി എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന ആളുകളെ ചോദ്യം ചെയ്യുമെന്നും അറിയുന്നു. റമീസിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നതില്‍ പൊലീസ് നിയമോപദേശം തേടി വരികയാണ്. കേസ് എന്‍ഐഎ അന്വേഷിക്കണമെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം.
മാതാപിതാക്കള്‍ ഒളിവില്‍
അതേസമയം റമീസിന്റെ മാതാപിതാക്കള്‍ വീടു പൂട്ടി ഒളിവില്‍ പോയിരിക്കുകയാണ്. റമീസ് അറസ്റ്റിലായതിനു പിന്നാലെ വീടു പൂട്ടി ഒളിവില്‍പ്പോകുകയായിരുന്നു. ഇവര്‍ പോകാന്‍ സാധ്യതയുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകള്‍ കേന്ദ്രീകരിച്ചു പോലീസ് പരിശോധന നടത്തുന്നുണ്ട്.
കസ്റ്റഡിയിലെടുത്താല്‍ മൊഴി രേഖപ്പെടുത്തി അറസ്റ്റ് ചെയ്യാനാണു പോലീസ് നീക്കം. ഇവര്‍ക്ക് പുറമെ റമീസിന്റെ സുഹൃത്തും കേസില്‍ പ്രതിയാകും എന്നാണ് സൂചന. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് പ്രതിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു.
ലൗ ജിഹാദിന് ഉടന്‍ കേസെടുക്കില്ല
നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നപേരില്‍ കേസെടുക്കാവുന്ന സാഹചര്യം ഇപ്പോഴില്ലെന്നാണു പോലീസിന്റെ നിലപാട്. ഒരാളെ പ്രണയിക്കുന്നതും മതംമാറ്റി വിവാഹം കഴിക്കുന്നതും കുറ്റകരമായി കാണാനാകില്ല.
എന്നാല്‍ മതം മാറ്റിയശേഷം ചൂഷണം ചെയ്യുന്നതിനോ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കോ മറ്റും ഉപയോഗിക്കുന്നതിനോ ആയിരുന്നു റമീസിന്റെ ലക്ഷ്യമെന്നു കണ്ടെത്തിയാലേ ലൗ ജിഹാദ് എന്നതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ കഴിയുകയുള്ളൂ. അന്വേഷണം തുടരുകയാണെന്നും ഓരോ ഘട്ടത്തിലും ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും പോലീസ് പറഞ്ഞു.