കൊല്ലം : കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നൽകാനുള്ള 10.73 കോടി രൂപ കൗൺസിലിന് അനുവദിക്കണമെന്നു മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.കമ്മീഷൻ അംഗം വി. ഗീതയാണ് തുക അനുവദിക്കാൻ സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനായി 10.73 കോടി രൂപ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് സ്പോർട്സ് കൗൺസിൽ സർക്കാരിന് കത്ത് നൽകിയിട്ടുള്ളതായി സെക്രട്ടറി കമ്മീഷനെ അറിയിച്ചു. എന്നാൽ സർക്കാർ തലത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. യഥാസമയം പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട് അനിലാലിന്റെ നേതൃത്വത്തിൽ വിരമിച്ച ജീവനക്കാർ സമർപ്പിച്ച പരാതിയിലാണ് നടപടി.
ഇതിനകം മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നൽകി കഴിഞ്ഞ 11-ാം ശമ്പള കമ്മീഷൻ ശുപാർശകൾ കൗൺസിൽ ജീവനക്കാർക്ക് നൽകിയിട്ടില്ലെന്ന് പരാതിക്കാർ ആരോപിച്ചിരിക്കുന്നത്. ഓൾഡ് ഏജ് കെയർ അലവൻസായി നൽകുന്ന 1000 രൂപയും നൽകുന്നില്ലെന്ന് പരാതിയിൽ പറഞ്ഞിരിക്കുന്നു. വിരമിക്കൽ ആനുകൂല്യം നൽകാൻ സർക്കാർ തീരുമാനം അനിവാര്യമാണെന്നും കൗൺസിൽ കമ്മീഷനെ അറിയിച്ചിരുന്നു.