കുമരകം: മലയോരങ്ങളില്‍ മാത്രമല്ല കുട്ടനാടന്‍ പാടവരമ്പുകളിലും കുരുമുളക് നൂറുമേനി വിളവു തരും. കുട്ടനാട്ടില്‍ സംയോജിത കൃഷി വിജയകരമായി ആദ്യംതന്നെ നടപ്പിലാക്കിയ മന്ദിരത്തില്‍ ജോയി ഇട്ടൂപ്പ് പാടവരമ്പത്ത് കിലോ കണക്കിന് കറുത്ത പൊന്നാണ് വിളയിക്കുന്നത്. കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവിയായിരുന്ന ഡോ. കെ.ജി.പദ്മകുമാറിന്റെ ആശയമായിരുന്നു ഒരു നെല്ലും ഒരു മീനും. അതായത് കുട്ടനാടിന് അനുയോജ്യമായ സംയോജിത കൃഷി. 1985-ല്‍ പദ്മകുമാര്‍ ആവിഷ്കരിച്ച ഈ പദ്ധതി ഏറെയിടങ്ങളിലും കര്‍ഷകര്‍ ഏറ്റെടുത്തില്ല.
1993-ല്‍ തന്റെ 20 ഏക്കര്‍ കായല്‍ പടശേഖരത്തില്‍ ജോയി ഇട്ടൂപ്പ് നൂതന സമ്മിശ്ര കാര്‍ഷിക പദ്ധതിക്ക് തുടക്കമിട്ടു. പുഞ്ച കൃഷിക്ക് വിത്തെറിയുന്നതിനൊപ്പം പാടത്തിന്റെ ഒരു കോണില്‍ നിര്‍മിച്ച രണ്ടേക്കര്‍ വിസ്തൃതിയുള്ള നഴ്സറിയില്‍ മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിക്കും. പുറം ബണ്ടില്‍ പശു, ആട്, പന്നി, കോഴി, താറാവ് തുടങ്ങിയവയെ വളര്‍ത്തും. ഇവയുടെ കാഷ്ഠം നഴ്സറി കുളത്തില്‍ നിക്ഷേപിക്കുമ്പോള്‍ രാസപ്രവര്‍ത്തനത്തിലൂടെ ചെറുസസ്യങ്ങള്‍ വളരും.
ഈ സസ്യങ്ങളാണ് മത്സ്യങ്ങള്‍ക്ക് പ്രധാന ആഹാരം. നാലു മാസത്തിന് ശേഷം നെല്ല് വിളവെടുത്തിട്ട് പാടത്ത് വെള്ളം കയറ്റി മത്സ്യക്കുഞ്ഞുങ്ങളെ തുറന്നുവിടും. കുട്ടനാടിന് ശാപമായ പോള ചെറുതായി അരിഞ്ഞു നല്കിയാല് മീനിന് നല്ല തീറ്റയാണ്. അടുത്ത കൃഷി ഇറക്കുന്നതിന് മുമ്പ് മത്സ്യം വിളവെടുക്കും. ആദ്യമൊക്കെ ലാഭമായിരുന്നെങ്കിലും ഇക്കാലത്ത് കൂലിച്ചെലവ് ഏറിയതും നീര്‍നായയുടെ ശല്യവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
പുറംബണ്ടിലെ തെങ്ങ്, കുരുമുളക്, വാഴ, കപ്പ തുടങ്ങിയവയില്‍ നിന്ന് ന്യായമായ വരുമാനം ലഭിക്കുന്നുണ്ട്. എണ്‍പതാം വയസിലും ഇദ്ദേഹത്തിന് കൃഷിയോട് ഏറെ പ്രതിബദ്ധതയാണ്. മികച്ച സംയോജിത കര്‍ഷകനുള്ള പഞ്ചായത്ത് അവാര്‍ഡു മുതല്‍ 2011-ല്‍ സംസ്ഥാന അവാര്‍ഡുവരെ ജോയിക്കു ലഭിച്ചു. 1995-ല്‍ കുട്ടനാട് പാക്കേജ് തയാറാക്കാന്‍ ഡോ. എം.എസ്. സ്വാമിനാഥന് തന്റെ ഫാം ഹൗസിലെത്തി ഏറെസമയം സംസാരിച്ചത് ഏറെ അഭിമാനമായി ഓര്‍മയില്‍ സൂക്ഷിക്കുന്നതായി ജോയി പറഞ്ഞു. ലില്ലിയാണ് ഭാര്യ. മക്കള്‍: ഇട്ടിച്ചന്, ഫിലിപ്പ്, റിയ.
പി.ടി. കുര്യന്