ആനക്കുട്ടികളെ കാണാൻ എല്ലാവർക്കും ഇഷ്ടമാണ്. അവരുടെ കുസൃതികളും കുറുന്പുകളുമൊക്കെ എത്ര കണ്ടാലും മതിയാവുകയും ഇല്ല. സോഷ്യൽ മീഡിയയിൽ ആനകളുടെ നിരവധി വീഡിയോകൾ വൈറലാവുന്നുണ്ട്. ഒരു അമ്മയാനയും കുട്ടിയാനയും തമ്മിലുള്ള അടുപ്പവും സ്നേഹവും ഒക്കെ കാണുന്നൊരു വീഡിയോ ആണിപ്പോൾ സൈബറിടങ്ങളിൽ വൈറലാകുന്നത്.
സേവ് എലിഫന്റ് ഫൗണ്ടേഷന്റ് സ്ഥാപകയായ ലെക് ചൈലെർട്ട് ആണ് ഈ വീഡിയോ പങ്കുവച്ചത്. വീഡിയോയിൽ കാണുന്ന കുട്ടിയാനയുടെ പേര് നാം തിപ്പ് എന്നാണ്. അമ്മ ആനയുടെ പേര് മലെ തോംഗ് എന്നും.
തിപ്പ് എന്ന ആനക്കുട്ടിയെ കാണാതെ അവളുടെ അമ്മ വിഷമിച്ചു നടക്കുകയാണ്. തിപ്പ് ആകട്ടെ മറ്റൊരു ആനക്കൂട്ടം വരുന്നതും കണ്ട് നിൽക്കുകയാണ്. തോങ്ങ് വിഷമിച്ച് നാം തിപ്പിനെ കുറേ വിളിച്ചു. അമ്മയുടെ ശബ്ദം കേട്ടപ്പോൾ നാം തിപ്പ് ഓടിവന്നു, ‘അമ്മേ, ക്ഷമിക്കണം – ഞാനിതാ തിരിച്ചെത്തി’ എന്ന് പറയുന്നതുപോലെ ഒച്ചയുണ്ടാക്കി എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.