കോട്ടയം: 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം ഇലക്ഷന് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേരള കോണ്‍ഗ്രസ് സെക്കുലര്‍, കേരള കോണ്‍ഗ്രസ് (സ്കറിയ തോമസ്), നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍ഡിപി) എന്നീ പാര്‍ട്ടികള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയാനും ഇല്ലെങ്കില്‍ രജിസ്ട്രേഷന് റദ്ദാക്കാനും സംസ്ഥാന ഇലക്ഷന് കമ്മീഷന്റെ ഷോകോസ് നോട്ടീസ്.
മൂന്നു പാര്‍ട്ടികളുടെയും പ്രസിഡന്റോ ജനറല്‍ സെക്രട്ടറിയോ ചുമതലക്കാരനോ 22ന് മുന്‍പ് രേഖാമൂലം ഇലക്ഷന് കമ്മീഷന് മറുപടി നല്‍കണമെന്നും 26ന് തിരുവനന്തപുരത്ത് ഇലക്ഷന് കമ്മീഷണറുടെ ഓഫീസില്‍ ഹിയറിംഗിന് ഹാജരാകണമെന്നും ബോധിപ്പിക്കുന്ന പത്രപരസ്യം ഇന്നലെ പ്രസിദ്ധീകരിച്ചു.
ഇതില്‍ ചില പാര്‍ട്ടികള്‍ 2019നുശേഷം നിയമസഭയിലോ ലോക്സഭയിലോ ഉപതെരഞ്ഞെടുപ്പുകളിലോ സ്ഥാനാര്‍ഥികളെ നിറുത്തിയതായി തെളിവില്ലെന്നും തെളിവ് ഹാജരാക്കിയില്ലെങ്കില്‍ രജിസ്ട്രേഷന് റദ്ദാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കേരള കോണ്‍ഗ്രസ് സെക്കുലര്‍ നിലവിലില്ലെന്നും വരവുചെലവ് കണക്കുകള്‍ ഹാജാരാക്കാത്തതിനാല് സ്വാഭാവികമായി പാര്‍ട്ടിയുടെ രജിസ്ട്രേഷന് റദ്ദായതായും ഇതുസംബന്ധിച്ച് മെമ്മോ ലഭിച്ചിട്ടില്ലെന്നും അഡ്വ. ഷോണ്‍ ജോര്‍ജ് പറഞ്ഞു.
1974 മുതല്‍ 1996 വരെ നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍എസ്എസ്)യുടെ രാഷ്ട്രീയ പാര്‍ട്ടിയായാണ് നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍ഡിപി) പ്രവര്‍ത്തിച്ചിരുന്നത്. 1977ലെ തെരഞ്ഞെടുപ്പില്‍ അഞ്ച് എംഎല്‍എമാരെ വിജയിപ്പിക്കാനായി. പില്ക്കാലത്ത് പാര്‍ട്ടിക്ക് മന്ത്രിസ്ഥാനവും ലഭിച്ചു. 1996ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു.