കൊച്ചി: സംസ്ഥാനത്തെ സ്കൂള്‍ അധ്യാപകര്‍ക്ക് വൈദ്യുതി സുരക്ഷാ ബോധവത്കരണവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ ജൂലൈ 17 ന് കൊല്ലം തേവലക്കരയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന് സ്കൂള്‍ വളപ്പില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബോധവത്കരണക്ലാസ് ഒരുക്കുന്നത്.
എനര്‍ജി മാനേജ്മെന്റ് സെന്റര്‍ കേരളയും (ഇഎംസി) ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പും സംയുക്തമായി ചേര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പിലെ എല്ലാ അധ്യാപകര്‍ക്കുമായി വൈദ്യുതി സുരക്ഷയും ഊര്‍ജ സംരക്ഷണവും എന്ന വിഷയത്തില്‍ ഏകദിന ശില്പശാലയാണ് സംഘടിപ്പിക്കുന്നത്.
രണ്ടു ഘട്ടങ്ങളായാണ് ശില്പശാല നടത്തുന്നത്. ആദ്യഘട്ടമായ അധ്യാപകര്‍ക്കുള്ള പരിശീലന പരിപാടി 23 ന് തിരുവനന്തപുരം പ്രിയദര്‍ശിനി പ്ലാനിറ്റോറിയം സെമിനാര്‍ ഹാള്‍ നടക്കും.
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 100 അധ്യാപകരെ പങ്കെടുപ്പിച്ച് നടത്തുന്ന ശില്പശാലയില് എനര്‍ജി മാനേജ്മെന്റ് സെന്റര്‍ കേരളയുടെ യുട്യൂബ്, ഫേസ്ബുക്ക് പേജുകള്‍ വഴി പരിശീലന പരിപാടിയുടെ ലൈവ് സ്ട്രീമിംഗ് ഉണ്ടാകും. ഇത് സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും എത്തിക്കും.
ആദ്യഘട്ട പരിശീലന ക്ലാസില്‍ ഒരു സ്കൂളില്‍ നിന്ന് ഏറ്റവും കുറഞ്ഞത് രണ്ടു അധ്യാപകരെങ്കിലും ഓണ്‍ലൈനായി പങ്കെടുക്കണം. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍ക്കാണ് ഇതിന്റെ മേല്‍നോട്ട ചുമതല.
ഒന്നാംഘട്ട ഓണ്‍ലൈന്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ അതാത് സ്കൂളുകളില്‍ രണ്ടാം ഘട്ടത്തിലെ ഒരു മണിക്കൂര്‍ നീണ്ട് നില്ക്കുന്ന നിര്‍ബന്ധിത വൈദ്യുതി സുരക്ഷ, ഊര്‍ജ സുരക്ഷണ ക്ലാസുകള്‍ നയിക്കണം.
രണ്ടാംഘട്ടത്തില്‍ സ്കൂളിലുള്ള ഒരു മണിക്കൂര്‍ നിര്‍ബന്ധിത പരിശീലനം അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് നല്കി എന്ന് ഉറപ്പാക്കുന്നതിനായി എനര്‍ജി മാനേജ്മെന്റ് സെന്റര്‍ തയാറാക്കുന്ന ഗൂഗിള്‍ ഫോം സ്കൂള്‍ പ്രതിനിധി പൂരിപ്പിച്ച് എനര്‍ജി മാനേജ്മെന്റ് സെന്ററിന് സമര്‍പ്പിക്കണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു.
സ്വന്തം ലേഖിക