കുമ്പള: രാജ്യത്തിന്റെ ഒരറ്റത്തുനിന്നു തുടങ്ങി മറ്റേയറ്റം വരെ ബൈക്ക് യാത്രകൾ നടത്തിയിട്ടുള്ള ഒട്ടേറെപ്പേരുണ്ടാകാം. പക്ഷേ കാസർഗോഡ് കുമ്പളയിലെ അമൃത ജോഷി എന്ന ഇരുപത്തിയഞ്ചുകാരി സ്വപ്നം കണ്ടതും പ്രവർത്തിച്ചതും അതിനുമപ്പുറത്താണ്. ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലൂടെയും സോളോ ബൈക്ക് യാത്രകൾ നടത്തിയതിനു ശേഷം ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമാർ, ശ്രീലങ്ക എന്നീ രാജ്യങ്ങളും കടന്ന് ഇപ്പോൾ യുഎഇയിലെ ഏഴ് എമിറേറ്റുകളിലും സഞ്ചാരം പൂർത്തിയാക്കിയിരിക്കുകയാണ് അമൃത.
2021 ഫെബ്രുവരി അഞ്ചിനു കോഴിക്കോട്ടുനിന്നു തുടങ്ങിയ സോളോ ബൈക്ക് യാത്രയിൽ രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലൂടെയും ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമാർ എന്നിവിടങ്ങളിലൂടെയും സഞ്ചരിച്ച് സ്ത്രീശക്തീകരണത്തിന്റെ സന്ദേശങ്ങൾ പകർന്നുനൽകിയിരുന്നു.
ഓരോ ദിവസവും 10 മുതൽ 12 മണിക്കൂർ വരെയാണ് ബൈക്ക് ഓടിച്ചത്. പിന്നീട് 2023ൽ ശ്രീലങ്കയിലും 2024ൽ ഭൂട്ടാനിലും സഞ്ചാരം പൂർത്തിയാക്കി. ഈ വർഷത്തെ സഞ്ചാരത്തിനായി തെരഞ്ഞെടുത്തത് യുഎഇയാണ്.
നാലുവർഷത്തിനിടെ അര ലക്ഷം കിലോമീറ്റർ ദൂരമാണ് അമൃത ബൈക്കിൽ പിന്നിട്ടത്. വരുംവർഷങ്ങളിലും ഓരോരോ രാജ്യങ്ങളിൽ ബൈക്ക് യാത്രകൾ നടത്തുകയാണ് ലക്ഷ്യം. യാത്രകളുമായി ബന്ധപ്പെട്ട് ദേശീയ, അന്തർദേശീയ തലങ്ങളിൽനിന്നുള്ള ആറ് പുരസ്കാരങ്ങൾ ഇതിനകം അമൃതയെ തേടിയെത്തിയിട്ടുണ്ട്.
ബൈക്ക് യാത്രകൾക്ക് പ്രേരണയും പ്രോത്സാഹനവും നൽകിയ പിതാവ് അശോക് ജോഷിയുടെ ആകസ്മിക വേർപാട് മൂലമുണ്ടായ ദുഃഖത്തിൽനിന്നു കരകയറാനാണ് 2019ൽ തന്റെ 19-ാം വയസിൽ അമൃത സോളോ ബൈക്ക് യാത്രകൾ തുടങ്ങിയത്. പിന്നീട് അതുതന്നെ പാഷനായി മാറുകയായിരുന്നു. കുമ്പള സാമൂഹികാരോഗ്യകേന്ദ്രം ക്രോസ് റോഡിലെ വീട്ടിൽ അമ്മ അന്നപൂർണ ജോഷിയും സഹോദരങ്ങളായ അപൂർവയും ആത്രേയയും എല്ലാവിധ പിന്തുണയുമായി ഒപ്പമുണ്ട്.